ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സെൻട്രൽ ഡൽഹിയിലെ 18 പ്രമുഖ മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. ജൂലൈ 24 വെള്ളി രാവിലെ 7:30 മുതൽ പുനരറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്റ്റേഷനുകൾ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) അറിയിച്ചു.(Delhi Metro Closes 18 Central Delhi Stations Amid CJP Protest)
നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ടാണ് സി.ജെ.പി ജന്തർ മന്തറിൽ അനിശ്ചിതകാല സമരം നടത്തുന്നത്. പ്രക്ഷോഭം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചതോടെയാണ് തലസ്ഥാനത്ത് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയത്.
പട്ടേൽ ചൗക്ക്, ലോക് കല്യാൺ മാർഗ്, രാമകൃഷ്ണ ആശ്രമം മാർഗ്, ബരാഖംബ റോഡ്, സുപ്രീം കോർട്ട്, സേവാ തീർത്ഥ്, ജൻപഥ്, ഐ.ടി.ഒ, ഡൽഹി ഗേറ്റ്, ഇന്ദ്രപ്രസ്ഥ, ഖാൻ മാർക്കറ്റ്, ജോർ ബാഗ്, ശിവജി സ്റ്റേഡിയം, ഝാന്ദേവാലൻ തുടങ്ങിയ പ്രധാന സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്. അതേസമയം രാജീവ് ചൗക്ക്, മാണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ മെട്രോ ലൈൻ മാറിക്കയറാനുള്ള സൗകര്യം തുടർന്നും ലഭ്യമായിരിക്കുമെന്ന് DMRC വ്യക്തമാക്കി.
സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കണോട്ട് പ്ലേസ് അടക്കമുള്ള മേഖലകളിലെ കടകമ്പോളങ്ങളും ഓഫീസുകളും വൈകുന്നേരം 6:30-ഓടെ അടച്ചുപൂട്ടാൻ പോലീസും പ്രാദേശിക ഭരണകൂടവും നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ ഏജൻസികളിൽ നിന്ന് പുതിയ നിർദ്ദേശങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ മെട്രോ സർവീസുകൾ സാധാരണ നിലയിലാകൂ എന്ന് DMRC കൂട്ടിച്ചേർത്തു.
Story Summary
DMRC has announced the closure of 18 key Metro stations in central Delhi starting 7:30 AM on July 24 until further notice due to the nationwide protests led by the Cockroach Janta Party (CJP) demanding Education Minister Dharmendra Pradhan’s resignation over exam irregularities. Interchanging facilities will remain operational at Rajiv Chowk, Mandi House, and Central Secretariat.


