ചെന്നൈ: കുടുംബത്തോടൊപ്പം കൊടൈക്കനാലിൽ അവധിയാഘോഷിക്കുന്നതിനിടെ പങ്കുവെച്ച നൃത്ത വീഡിയോയുടെ പേരിൽ നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടുന്നു (Khushbu Sundar Dance Video Controversy). ഡൽഹിയിൽ നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് വിദ്യാർഥി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ വീഡിയോ പങ്കുവെച്ചതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. ഖുശ്ബു തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പഴയ തമിഴ് ചിത്രം മൈക്കൽ മദന കാമ രാജൻയിലെ “പേര് വച്ചാലും വയ്ക്കാമ പോനാലും” എന്ന ഗാനത്തിന്റെ നൃത്തച്ചുവടുകൾ പുനരാവിഷ്‌കരിക്കുന്ന വീഡിയോയാണ് പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേർ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നടിയുടെ നിലപാട് ചോദ്യം ചെയ്ത് കമന്റ് ചെയ്യുകയായിരുന്നു.
“ഡൽഹിയിൽ വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോൾ നിങ്ങൾക്ക് ആഘോഷിക്കാനും നൃത്തം ചെയ്യാനും എങ്ങനെ കഴിയുന്നു?”, “ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ ഇത്തരം സാഹചര്യത്തിൽ പ്രതികരിക്കേണ്ടതല്ലേ?” തുടങ്ങിയ ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ബിജെപി സർക്കാരിനെതിരായ പ്രതിഷേധം രാജ്യതലസ്ഥാനത്ത് തുടരുമ്പോൾ അതിനെ അവഗണിച്ചാണ് ഖുശ്ബുവിന്റെ വീഡിയോ എത്തിയതെന്ന വിമർശനവും നിരവധി പേർ ഉന്നയിച്ചു. ചിലർ കടുത്ത ഭാഷയിലാണ് നടിയെ വിമർശിച്ചത്. “വിദ്യാർഥികൾ പ്രതിസന്ധി നേരിടുമ്പോൾ ഒരു പൊതുപ്രവർത്തകയായ നിങ്ങൾ ആഘോഷിക്കുന്നതാണ് കാണുന്നത്”, “ഇതാണ് ഒരു രാഷ്ട്രീയ നേതാവിന്റെ ഉത്തരവാദിത്തബോധമോ?” എന്നിങ്ങനെയുള്ള പ്രതികരണങ്ങളും കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടു. സാധാരണയായി സോഷ്യൽ മീഡിയയിലെ കമന്റുകൾക്ക് മറുപടി നൽകുന്ന ഖുശ്ബു, ഇത്തവണ ഉയർന്ന വിമർശനങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദം തുടരുന്നതിനിടെ നടിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണവും പുറത്തുവന്നിട്ടില്ല.
Summary: Actor and BJP leader Khushbu Sundar has come under criticism on social media after sharing a dance video while student protests over the NEET controversy continue in New Delhi. Several users questioned her silence on the issue and criticised the timing of her post.


