തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അന്വേഷണ അട്ടിമറി നടത്തിയെന്ന ആരോപണത്തെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് യുഡിഎഫ് സർക്കാർ (M R Ajith Kumar Suspension). ആഭ്യന്തര മന്ത്രിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്. എം.ആർ. അജിത് കുമാറിനെതിരായ നടപടി വൈകുന്നതായി ശക്തമായി വിമർശനം ഉന്നയിച്ചിരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നിർണായക നടപടി. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് സസ്പെൻഷൻ തീരുമാനമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ നടപടികൾ അട്ടിമറിച്ചെന്ന ആരോപണമാണ് അജിത് കുമാറിനെതിരെ ഉയർന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പ് നടപടികൾ വേഗത്തിലാക്കിയത്.
ഈ മാസം 31-ന് എം.ആർ. അജിത് കുമാറിന് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സസ്പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലായി. സസ്പെൻഷനുമായി ബന്ധപ്പെട്ട കൂടുതൽ നടപടികളും വകുപ്പുതല അന്വേഷണവും ഉടൻ ആരംഭിക്കുമെന്നാണ് സൂചന. കേസിൽ ഉയർന്ന ആരോപണങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർ തീരുമാനങ്ങളെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Summary: The UDF government has suspended ADGP M.R. Ajith Kumar over alleged irregularities in the Alappuzha rescue operation case. The action came after the Home Minister’s recommendation was approved by the Chief Minister, just days before Ajith Kumar was due for promotion as DGP.


