കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ ‘സൈക്കിൾ ആംബുലൻസ്’ സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ മെഡിക്കൽ സേവനങ്ങളും നടപ്പിലാക്കുമ്പോൾ പാകിസ്ഥാൻ സൈക്കിൾ ആംബുലൻസ് അവതരിപ്പിച്ചു എന്ന തരത്തിലാണ് ട്രോളുകൾ പ്രചരിക്കുന്നത്. കറാച്ചി മേയർ ബാരിസ്റ്റർ മുർത്തസ വഹാബാണ് ഈ പുതിയ പദ്ധതിക്ക് പിന്നിലെന്ന രീതിയിലും നിരവധി പോസ്റ്റുകൾ എത്തിയിരുന്നു.
എന്നാൽ പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ യാഥാർത്ഥ്യം അതല്ലെന്ന് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ പദ്ധതി പുതിയതല്ലെന്നും 2025 മുതൽ തന്നെ ഇത് പ്രവർത്തനത്തിലുണ്ടെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. സിന്ധ് ഇന്റഗ്രേറ്റഡ് എമർജൻസി ആൻഡ് ഹെൽത്ത് സർവീസസ് (SIEHS-1122) അഥവാ റെസ്ക്യൂ 1122 ആണ് 2025 മെയ് മാസത്തിൽ പൈലറ്റ് പ്രോജക്റ്റായി ഈ സൈക്കിൾ ആംബുലൻസുകൾ അവതരിപ്പിച്ചത്. കറാച്ചിയിലെ ജനസാന്ദ്രതയേറിയതും വലിയ ആംബുലൻസുകൾക്ക് പെട്ടെന്ന് എത്തിച്ചേരാൻ കഴിയാത്തതുമായ ഇടുങ്ങിയ പ്രദേശങ്ങളിൽ അടിയന്തര വൈദ്യസഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആവിഷ്കരിച്ചത്.
ഫസ്റ്റ് എയ്ഡ് കിറ്റുകൾ, ഓക്സിജൻ മാസ്കുകൾ, നെബുലൈസറുകൾ തുടങ്ങിയ അത്യാവശ്യ ഉപകരണങ്ങൾ ഈ മൗണ്ടൻ ബൈക്കുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച വനിതാ വോളന്റിയർമാരാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. തുടക്കത്തിൽ ഓൺലൈനിൽ വലിയ പരിഹാസങ്ങൾ ഏറ്റുവാങ്ങിയെങ്കിലും, ഗതാഗതക്കുരുക്കുള്ള സ്ഥലങ്ങളിൽ രോഗികൾക്ക് പെട്ടെന്ന് തുണയാകുന്ന ലളിതവും പ്രായോഗികവുമായ ആശയമാണിതെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്.
Summary: A video of a pedal-powered ‘cycle ambulance’ operating in Karachi has sparked online mockery, with social media users comparing it unfavorably to global air ambulances and flying ICUs. However, fact-checks and local reports confirm that the initiative was actually launched back in 2025 by Rescue 1122 as a practical, low-cost pilot program to navigate narrow lanes and heavy traffic in densely populated areas.


