ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ ചർച്ച ചെയ്യുന്ന പുതിയ വ്യാപാര കരാറിനെതിരെ കാർഷിക സംഘടനകൾ പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ്. കരാർ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെങ്കിലും, ചർച്ചകൾ നടക്കുന്ന വേളയിൽ തന്നെ ശക്തമായ വിയോജിപ്പ് അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് കർഷകർ ഡൽഹി കിസാൻ ഘട്ടിലേക്ക് ‘കിസാൻ മഹാപഞ്ചായത്ത്’ നടത്തുന്നതിനായി പുറപ്പെട്ടത്.(India US trade deal farmers protest, Why Indian Farmers Are Protesting ?)
അമേരിക്കൻ സർക്കാർ അവിടുത്തെ കർഷകർക്ക് വൻതുക സബ്‌സിഡി നൽകുന്നുണ്ട്. വിലകുറഞ്ഞ അമേരിക്കൻ കാർഷിക-ക്ഷീര ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത് പ്രാദേശിക കാർഷിക വിപണിയെ തകർക്കുമെന്നും, വിലയിടിവിന് കാരണമാകുമെന്നും കർഷകർ ഭയക്കുന്നു. കരാർ കാർഷിക മേഖലയിൽ മാത്രം ഒതുങ്ങാതെ ക്ഷീരോത്പാദനം, ഡിജിറ്റൽ ട്രേഡ്, ഇ-കൊമേഴ്സ്, ബൗദ്ധിക സ്വത്തവകാശം തുടങ്ങി നിരവധി മേഖലകളെ ബാധിച്ചേക്കാമെന്ന് ‘ദേശ് ബച്ചാവോ മോർച്ച’ ഉൾപ്പെടെയുള്ള സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ സുതാര്യമായിരിക്കണമെന്നും, കർഷകരുടെയും ക്ഷീരകർഷകരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമാകുന്നതുവരെ നടപടികൾ നിർത്തിവെക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയവും മറ്റ് ഔദ്യോഗിക വക്താക്കളും കർഷകരുടെ ആശങ്കകളെ തള്ളിക്കളയുകയാണ്.
കാർഷിക താല്പര്യങ്ങളിൽ വിട്ടുവീഴ്ചയില്ല: ഇന്ത്യയുടെ പ്രധാന കാർഷിക മേഖലകളെ പ്രതികൂലമായി ബാധിക്കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയിൽ സുരക്ഷിതമായ നിബന്ധനകൾ ഉൾപ്പെടുത്തി മാത്രമേ കരാർ പൂർത്തിയാക്കൂ എന്ന് വാണിജ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.
Story Summary
Farmer unions from Punjab, Haryana, and other states launched a protest against the proposed India-US trade deal, fearing that subsidized US agricultural imports could harm local livelihoods. While the Central Government assures that sensitive agricultural sectors will be protected and no compromise will be made on red lines, farmers are demanding full transparency before any agreement is finalized.


