മഹാരാഷ്ട്ര: നീറ്റ് 2026 പരീക്ഷാ ഫലത്തിൽ ഗുരുതര പിഴവാരോപിച്ച് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിനെ സമീപിച്ചു (NEET Result Dispute). സോഹം ഗാവ്തെ എന്ന വിദ്യാർത്ഥിയാണ് തനിക്ക് ലഭിക്കേണ്ട 522 മാർക്കിന് പകരം സ്കോർകാർഡിൽ 95 മാർക്ക് മാത്രമാണ് കാണിക്കുന്നതെന്ന പരാതിയുമായി കോടതിയിലെത്തിയത്. ഔദ്യോഗിക ഉത്തരസൂചികയും ഒഎംആർ ഉത്തരക്കടലാസും പരിശോധിച്ചപ്പോൾ തനിക്ക് 522 മാർക്ക് ലഭിക്കേണ്ടതാണെന്ന് വ്യക്തമായതായി ഹർജിയിൽ പറയുന്നു. ജൂലൈ 16-ന് ഫലം പ്രഖ്യാപിച്ചപ്പോഴാണ് ഈ അപാകത ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് വിദ്യാർത്ഥി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ ഇമെയിൽ വഴിയും ഫോണിലൂടെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. 16 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് ഒരു ഇമെയിലിന് മറുപടി ലഭിച്ചതല്ലാതെ തുടർനടപടികൾ ഒന്നും ഉണ്ടായില്ല. ഇതേത്തുടർന്നാണ് അഡ്വ. മഹേന്ദ്ര ഗാന്ധി മുഖേന വിദ്യാർത്ഥി കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. കേസ് ജൂലൈ 23-ന് പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.
Summary: A NEET 2026 candidate from Maharashtra’s Beed district has moved the Aurangabad Bench of the Bombay High Court, alleging a major scorecard discrepancy where his score of 522 was erroneously reduced to 95 by the NTA.


