കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ സ്കിൻ ബാങ്കിലേക്ക് ചർമ്മം ദാനം ചെയ്ത് അവയവദാന രംഗത്ത് പുതിയ ചരിത്രമെഴുതിയ ആഷിഖ് വിജയന് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്. വേർപാടിന്റെ കടുത്ത വേദനയിലും ചർമ്മദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച ആഷിഖിന്റെ കുടുംബത്തിന്റെ മാതൃകാപരമായ നിലപാടിനെ നന്ദിയോടെ സ്മരിക്കുന്നതായി അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.(Veena George Salutes Ashik Vijayan For Kottayam Skin Bank Donation)
സ്കിൻ ബാങ്കും അത്യാധുനിക ബേൺസ് ഐ.സി.യുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജ് ടീം നടത്തുന്ന സമർപ്പിത പ്രവർത്തനങ്ങളെയും മുൻ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കോട്ടയത്തെ ഈ ചരിത്രനേട്ടത്തെ പ്രശംസിച്ച് കെ. മുരളീധരൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയും വീണ ജോർജ് നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരോഗ്യ മേഖലയെയും തന്നെയും ഏറ്റവും കൂടുതൽ അധിക്ഷേപിച്ചവരിൽ ഒരാളായ കെ. മുരളീധരൻ ഇപ്പോൾ യഥാർത്ഥ വികസനത്തെക്കുറിച്ച് സത്യം സംസാരിക്കാൻ നിർബന്ധിതനായത് നല്ല കാര്യമാണെന്ന് അവർ പരിഹസിച്ചു.
എന്നാൽ മുരളീധരന്റെ പ്രസ്താവനയിൽ ബോധപൂർവം ഒരു തെറ്റ് വരുത്തിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. മേയ് മാസത്തിലാണ് അവയവദാന ഏജൻസിയായ കെ-സോട്ടോയുടെ ലൈസൻസ് ലഭിച്ചതെന്ന മുരളീധരന്റെ വാദം തെറ്റാണെന്നും ഫെബ്രുവരി 10-ന് തന്നെ ലൈസൻസ് ലഭ്യമാക്കിയിരുന്നുവെന്നും അവർ വ്യക്തമാക്കി. കേരളത്തിൽ മുൻപ് സ്കിൻ ബാങ്കുകൾ ഉണ്ടായിരുന്നില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് ഇതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് ആദ്യമായി 6.75 കോടി രൂപ ചെലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലും രണ്ടാമതായി കോട്ടയത്തും സ്കിൻ ബാങ്കുകൾ സജ്ജമാക്കിയത്. മുൻ സർക്കാർ നടപ്പിലാക്കിയ നൂതന സംവിധാനങ്ങളിൽ ഒന്ന് മാത്രമാണിതെന്നും ആധുനിക ബേൺസ് ഐ.സി.യുകൾ, മിൽക്ക് ബാങ്കുകൾ, റോബോട്ടിക് സർജറി, വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച്, രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം തുടങ്ങിയ നിരവധി വിപ്ലവകരമായ പദ്ധതികൾ ശാസ്ത്രീയമായി ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.
Story Summary
Former Health Minister Veena George paid tribute to Ashik Vijayan, whose family historical made the skin donation at the Kottayam Medical College Skin Bank. She lauded the medical team’s dedication and directly countered Congress leader K. Muraleedharan’s praise of the milestone, pointing out factual errors in his statement.


