മാവൂർ: കോഴിക്കോട് മാവൂർ കണ്ണിപറമ്പ് പടാരുകുളങ്ങരക്ക് സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാവൂർ കുറ്റിക്കടവ് സ്വദേശി ഷൗക്കത്തലിയാണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു ദാരുണമായ സംഭവം. (Tipper Lorry Accident)
കണ്ണിപറമ്പിന് സമീപമുള്ള ക്രഷറിൽ നിന്നും എം-സാൻഡുമായി പോകുന്നതിനിടെ റോഡിലെ കയറ്റത്തിൽ വെച്ച് ടിപ്പറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പെട്ടെന്ന് ലോറി അതിവേഗത്തിൽ പിറകിലേക്ക് നീങ്ങുകയും റോഡരികിലെ താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറി ഉയർത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുക്കാനായത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Summary: A tipper lorry driver, Shaukathali from Kuttikkadavu, died after his vehicle lost control on an incline near Mavoor, Kanniparambu, and overturned into a ravine. Despite efforts by locals and the use of an excavator to rescue him from the crushed cabin, he succumbed to his injuries upon arrival at the Kozhikode Medical College Hospital.


