1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന് സ്ത്രീകൾക്ക് എതിരെയാണ് പോലീസിൽ പരാതി നൽകിയത്. ഭർത്താവായ മോഹന്റെ മുൻ ഭാര്യയും രണ്ടു പെൺമക്കളും, ഇവർ മൂവരും ചേർന്നാണ് തന്റെ മകളെ തട്ടിക്കൊണ്ടു പോയത് എന്നായിരുന്നു പ്രതിഭയുടെ പരാതി. തന്റെ മുത്തകുഞ്ഞിനെയും ഈ മൂവർ സംഘം തട്ടിക്കൊണ്ടു പോയ കഥയും ആ അമ്മ കണ്ണീരോടെ പോലീസുകാരോട് വിവരിക്കുന്നു. ഒരമ്മ അവർ നൊന്തുപെറ്റ മകളുടെ തിരോധനത്തെ ഓർത്ത് കരയുന്നു. കുറ്റവാളികളെ ഉടനെ തന്നെ പിടികൂടണം. പോലീസ് പ്രതിഭയുടെ പരാതിയുടെ മേൽ അന്വേഷണം ആരംഭിച്ചു. (Gavit Sisters)
മോഹന്റെ മുൻ ഭാര്യ അഞ്ജനാബായ് അവരുടെ പെൺമക്കൾ സീമ ഗാവിറ്റും രേണുക ഷിൻഡെയും അധികം വൈക്കത്തെ പോലീസ് വലയിൽ കുടുങ്ങുന്നു. അഞ്ജനാബായുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു. ആ ഇടുങ്ങിയ വീടിനുള്ളിൽ നിറയെ കുഞ്ഞുങ്ങളുടെ തുണിത്തരങ്ങൾ, രേണുകയ്ക്ക് ഒരു കുഞ്ഞുണ്ട്, എന്നാൽ ആ വീട്ടിലിനുള്ളിൽ നിന്നും കണ്ടെത്തിയത് ആറു മാസം മുതൽ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികളുടെ തുണിത്തരങ്ങൾ ആണ്. അകെ മൊത്തം ഒരു പന്തികേട്. നിഗൂഢതകൾ മാത്രം മണക്കുന്ന വീടും വീട്ടുകാരും. പോലീസ് അഞ്ജനാബയെയും പെൺമക്കളെയും തുടർ അന്വേഷണത്തിന് വിധേയരാകുന്നു. ഇത്രയേറെ തുണിത്തരങ്ങൾ ആരുടേതാണ് എന്ന ചോദ്യത്തിന് മൂന്ന്പേരും നന്നേ ഉരുണ്ടു കളിച്ചു. പല കള്ളങ്ങളും അവർ മെനഞ്ഞു. ആ കള്ളങ്ങൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. പതിയെ അവർ ഓരോന്നായി പറഞ്ഞു തുടങ്ങി, അസ്ഥിമരവിപ്പിക്കുന്ന അരും കൊലകളുടെ കഥകൾ.
ആറു മാസത്തിനും പതിനെട്ടു മാസത്തിനും ഇടയിലുള്ള പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയ രണ്ടു സഹോദരിമാരും അവരുടെ മാതാവും. അമ്മയുടെയും മക്കളുടെയും പ്രധാന തൊഴിൽ മോഷണം. ഓരോ തവണയും മോഷണത്തിന് ഇവർ ഇറങ്ങുമ്പോൾ കരുവാക്കുന്നത് തട്ടിക്കൊണ്ടു വരുന്ന കുഞ്ഞുങ്ങളെ. മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു വരുന്നു. ശേഷം മോഷണത്തിന് അവരെ ഉപയോഗിക്കുന്നു. മോഷണം വിജയിച്ചാൽ പിന്നെ ആ കുഞ്ഞുങ്ങളെ മൂവരും ചേർന്ന് കൊന്നുകളയുന്നു. ഇങ്ങനെ 1990 നും 1996 നുമിടയിൽ ഈ അമ്മയും പെൺമക്കളും കവർന്നത് നിരവധി കുഞ്ഞ് ജീവനുകൾ. ഇന്ത്യയിൽ പല വിധത്തിലുള്ള സീരിയൽ കില്ലേഴ്സ് തേർവാഴ്ച നടത്തിയിരുന്നു. എന്നാൽ ഒരു കുടുംബത്തിലെ സ്ത്രീകൾ തന്നെ രാജ്യം കണ്ട ഏറ്റവും വലിയ സീരിയൽ കില്ലേഴ്‌സായ കഥയാണ് അഞ്ജനാബായയുടെയും പെൺമക്കളുടെതും.
മോഷണത്തിൽ ഗുരു അമ്മ
നാസിഖിലാണ് അഞ്ജനാബായുടെ (Anjanabai) ജനനം. കുട്ടികാലം മുതലേ അഞ്ജനയ്ക്ക് മോഷണം ഒരു ഹരമായിരുന്നു. തക്കം കിട്ടുമ്പോഴൊക്കെ അവർ കക്കും. കൈയിൽ കിട്ടുന്നത് ഒക്കെയും അവർ തഞ്ചത്തിൽ വശത്താക്കും. ചൊട്ടയിലെ ശീലം ചുടല വരെയെന്ന പോലെ അവർ മോഷണം ഒരു പതിവാക്കി. വിവാഹ ശേഷവും അവർ മോഷണം തുടർന്നു. ഇത് അഞ്ജനാബായുടെ ദാമ്പത്യ ജീവിതത്തിൽ കാര്യമായ പ്രശ്നങ്ങൾക്ക് വഴിവച്ചു. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച അവർ ഒരു ചാരായ വിൽപ്പനക്കാരനുമായി ഒളിച്ചോടുന്നു. ചാരായ വിൽപ്പനക്കാരനിൽ അവർക്ക് ഒരു പെൺകുഞ്ഞ് ജനിക്കുന്നു, അവർ അവൾക്ക് സീമ (Seema Gavit) എന്ന പേര് നൽകുന്നു. എന്നാൽ അഞ്ജനാബായുടെ ഈ ബന്ധത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. കുഞ്ഞിനെയും അഞ്ജനയേയും ഉപേക്ഷിച്ച് അയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നു. ഇതിന് പിന്നാലെയാണ് അഞ്ജനാബായ് മോഹനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ അവർക്ക് രണ്ടാമതും ഒരു പെൺകുഞ്ഞ് ജനിക്കുന്നു, രേണുക (Renuka Shinde). എന്നാൽ, മോഹനുമായുള്ള ദാമ്പത്യ ബന്ധത്തിൽ വളരെ പെട്ടന്നാണ് വിള്ളലുകൾ വീണത്. അഞ്ജനാബായുടെ മോഷണ കുറ്റകൃത്യങ്ങൾ മോഹനെ നന്നേ ചൊടിപ്പിച്ചിരുന്നു. മോഷണ ശ്രമങ്ങൾക്ക് അഞ്ജന പിടിക്കപ്പെടുമ്പോൾ പോലീസ് മോഹനെയും അറസ്റ്റ് ചെയ്യുമായിരുന്നു. യാതൊരു കുറ്റവും ചെയ്യാതെ കള്ളൻ എന്ന വിളിപ്പര് ലഭിക്കുമോ എന്ന് ഭയന്ന് മോഹൻ അഞ്ജനയെ ഉപേക്ഷിക്കുന്നു. എന്നാൽ ഈ ഒഴിഞ്ഞു പോക്ക് ഒന്നും അഞ്ജനബായ് കാര്യമാക്കിയതേയില്ല.
അഞ്ജനാബായി ചെറുപ്പത്തിൽ സ്വയുക്തമാക്കിയ മോഷണ കല അവർ സ്വന്തം പെൺമക്കൾക്കും പകർന്നു നൽകി. സീമയെയും രേണുകയെയും അമ്മ പറഞ്ഞു പഠിപ്പിച്ചത് ഓരോന്നായി എണ്ണിപഠിച്ചു. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സിനിമാ തിയേറ്റർ, ഉത്സവങ്ങൾ എന്നിങ്ങനെ ആളുകൾ തിങ്ങി കൂടുന്ന ഇടങ്ങളായിരുന്നു അമ്മയുടെയും മക്കളുടെയും മോഷണങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ. ഒരിക്കൽ രേണുക തന്റെ കുഞ്ഞുമായി ഒരു ഉത്സവ പറമ്പിൽ മോഷണത്തിന് ഇറങ്ങുന്നു. കുഞ്ഞിനെയും കൈയിൽ വച്ചുകൊണ്ടു അവൾ ഇരയെ തേടി നടന്നു. നിർഭാഗ്യവശാൽ മോഷണ ശ്രമം പാളുന്നു. രേണുകയെ ആൾകൂട്ടം കൈയോടെ പിടികൂടുന്നു. പിടിക്കപ്പെട്ടു എന്ന് ഉറപ്പായതും അവൾ ഉച്ചത്തിൽ കരയുവാൻ തുടങ്ങി.
“എന്നെ വെറുതെ വിടണം. എന്റെ കുഞ്ഞിന് പാലു വാങ്ങി കൊടുക്കാൻ വേണ്ടിയാണ് ഞാൻ മോഷ്ടിച്ചത് “
പിന്നെ അലമുറയിട്ട് കരച്ചിലായി. അതോടെ മനസ്സലിഞ്ഞ നാട്ടുകാർ അവളെ വെറുതെ വിട്ടു. കൈയിൽ കുഞ്ഞ് ഉള്ളത് കൊണ്ട് മാത്രമാണ് അന്ന് രേണുക രക്ഷപ്പെട്ടത്. ഈ സംഭവത്തോടെ രേണുക മോഷണം നിർത്തുമെന്ന് കരുതിയെങ്കിൽ ഇല്ല. അന്ന് രേണുകയുടെ വക്രബുദ്ധിയിൽ പുതിയൊരു ആശയം തെളിയുന്നു. കുഞ്ഞുമൊത്ത് പോയത് കൊണ്ടാണ് രക്ഷപ്പെട്ടത്. കുട്ടികൾ കൂടെ ഉണ്ടെങ്കിൽ ആരും തന്നെ ഒന്നും ചെയ്യില്ല എന്ന നല്ല ബോധ്യമുണ്ടായിരുന്ന രേണുകയ്ക്ക്, അവളുടെ മനസ്സിൽ തെളിഞ്ഞ ആ ആശയം അമ്മയോടും സഹോദരിയോടും പങ്കുവയ്ക്കുന്നു. എന്നാൽ, മോഷണത്തിന് കൂടെ കൂട്ടാൻ ആ വീട്ടിൽ ഉണ്ടായിരുന്നത് രേണുകയുടെ കുഞ്ഞ് മാത്രമാണ്. ഒരു കുഞ്ഞിനെ കൊണ്ട് എങ്ങനെയാണ് മൂന്ന്പേർക്കും മോഷണം നടത്തുവാൻ കഴിയുക. അങ്ങനെ ഏറെ ചിന്തകൾക്ക് ഒടുവിലാണ് കുട്ടികളെ തട്ടിക്കൊണ്ടു വന്ന് മോഷണത്തിന് ഉപയോഗപ്പെടുത്താം എന്ന തീരുമാനത്തിൽ മൂന്നാളും എത്തിച്ചേരുന്നത്.
1990 കളുടെ തുടക്കത്തോടെയാണ് അമ്മയും മക്കളും തെരുവോരങ്ങളിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ തുടങ്ങിയത്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ക്ഷേത്രങ്ങൾ, ഇങ്ങനെ തിരക്കുള്ള ഇടങ്ങളിൽ ഇന്നും കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്നു. ഒറ്റപ്പെട്ട് നിൽക്കുന്ന കുഞ്ഞുങ്ങളെ കണ്ടാൽ മിഠായിയും കളിപ്പാട്ടവും വാങ്ങി തരാം എന്ന് പറഞ്ഞു വശത്താക്കും. ശേഷം ആരും കാണാതെ അവരെ തട്ടിയെടുക്കുന്നു. ഇങ്ങനെ 40 നാൽപ്പതിലധികം കുഞ്ഞുങ്ങളെയാണ് ഇവർ തട്ടിക്കൊണ്ടു പോയത്.
ആദ്യ കൊലപാതകം
1990 ജൂലൈയിൽ ഒരു യാചകന്റെ ഒരു വയസ്സുള്ള മകനെ തട്ടിക്കൊണ്ടു വരുന്നു. അവർ അവന് സന്തോഷ് എന്ന പേര് നൽകുന്നു. സന്തോഷുമായി ആദ്യ മോഷണത്തിന് മൂവർ സംഘം ഒരു ബസ് സ്റ്റാൻഡിൽ എത്തുന്നു. സീമ ഒരു യാത്രക്കാരന്റെ പേഴ്സ് മോഷ്ട്ടിക്കുന്നതിന് ഉള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ ശ്രമം പാളുമെന്നായി, അഞ്ജനാബായി മുന്നും പിന്നും നോക്കാതെ കൈയിലിരുന്ന സന്തോഷിനെ നിലത്തേക്ക് വലിച്ചെറിഞ്ഞു. കുഞ്ഞിന്റെ നിലവിളയിലും കരച്ചിലിലും ജനങ്ങളുടെ ശ്രദ്ധ മാറി. അവസരം മുതലെടുത്ത് അമ്മയും മകളും കുഞ്ഞുങ്ങളും രക്ഷപ്പെടുന്നു. എന്നാൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്തോഷ് നിർത്താതെ കരയുവാൻ തുടങ്ങി. കുഞ്ഞിന്റെ കരച്ചിൽ ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുമെന്നും മനസ്സിലായി. ഇനി സന്തോഷിനെ കൈയിൽ വച്ചുകൊണ്ടിരിക്കുന്നത് ആപത്താണ് അഞ്ജനാബായ്ക്ക് മനസ്സിലാവുന്നു. അതോടെ അഞ്ജനാബായി കുഞ്ഞ് സന്തോഷിന്റെ തല ഒരു വൈദ്യുത തൂണിലേക്ക് ശക്തിയോടെ ഇടിക്കുന്നു. ആദ്യ ഇടിയിൽ തന്നെ തല പൊട്ടിച്ചിതറി. അഞ്ജനാബായി കുഞ്ഞിനെ കൊല്ലുന്നത് യാതൊരു അലിവും കൂടാതെ ഇരു സഹോദരിമാരും നോക്കി നിന്നു.
ഒരു വയസ്സുകാരൻ ബണ്ടിയായിരുന്നു അവരുടെ അടുത്ത ഇര. ഒരു ദിവസം മോഷണത്തിന് ഇടയിൽ പിടിക്കപ്പെടുമെന്ന് ആയപ്പോൾ അമ്മ ചെയ്തത് പോലെ സീമയും കൈയിലിരുന്ന ബണ്ടിയെ നിലത്തേക്ക് വലിച്ചെറിയുന്നു. നിലത്ത് വീണ ബണ്ടി ഉറക്കി നിലവിളിക്കാൻ തുടങ്ങി. ഇതിനിടയിൽ സീമയുടെ കൈലിയിലുണ്ടായിരുന്ന ഗുഡ്ഡു എന്ന കുഞ്ഞും നിലത്തേക്ക് വീഴുന്നു. ഗുഡ്ഡുവും നിർത്താതെ കരയാൻ തുടങ്ങി. ചുറ്റുമുള്ളവർ കുഞ്ഞുങ്ങളുടെ കരച്ചിൽ ശ്രദ്ധിക്കാൻ തുടങ്ങി. ഏതുനിമിഷം വേണമെങ്കിലും തങ്ങൾ പിടിക്കപ്പെടും, എത്രയും വേഗം കുഞ്ഞുങ്ങളെ ഒഴിവാക്കുന്നതാണ് ബുദ്ധി എന്ന് മൂവർക്കും മനസ്സിലായി. 1993, മെയ് മാസം. അമ്മയും മക്കളും ഒരു ടാക്സി പിടിക്കുന്നു. സമയം രാത്രി പതിനൊന്ന് കഴിഞ്ഞു കാണും. നല്ല ഉറക്കത്തിലായിരുന്നു ബണ്ടിയെയും ഗുഡ്ഡുവിനെയും കൂടെ കൂട്ടുന്നു.
ഖണ്ഡാള ഖാട്ടിൽ എത്തിയപ്പോൾ കാർ നിർത്തുവാൻ ഡ്രൈവറിനോട് അഞ്ജനാബായി ആവശ്യപ്പെടുന്നു. കാർ നിർത്തിയതും രേണുക ബണ്ടിയുടെ കഴുത്തിലേക്ക് കൈകൾ അമർത്തുന്നു. നല്ല ഉറക്കത്തിലായിരുന്ന ബണ്ടിക്ക് ഒന്ന് നിലവിളിക്കുവാൻ പോലും സാധിച്ചില്ല. ബണ്ടിയുടെ തൊണ്ടക്കുഴിയിൽ ഇരുകൈകളും ശക്തമായി അമർത്തുന്നു, നിമിഷ നേരം കൊണ്ട് ബണ്ടി കൊല്ലപ്പെടുന്നു. ബണ്ടി മരണപ്പെട്ടതും അവന്റെ ശവശരീരം കൊക്കയിലേക്ക് വലിച്ചെറിയുന്നു. ഇതിനിടയിൽ സീമ ഗുഡ്ഡുവിനെയും സമാന രീതിയിൽ തന്നെ കൊലപ്പെടുത്തുന്നു. ഗുഡ്ഡുവിന്റെ ശവശരീരം കുറച്ചു മാറി, റോഡരികിലാണ് ഉപേക്ഷിക്കുന്നത്.
ഇങ്ങനെ കൊലപാതകങ്ങൾ തുടർ കഥയായി. വഴിയോരങ്ങളിൽ നിന്നും കുട്ടികളെ തട്ടിയെടുക്കുന്നു. ശേഷം മോഷണത്തിൽ നിന്നും ശ്രദ്ധ തിരിക്കുവാൻ കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നു. അവരുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ മറ്റൊന്നും ചിന്തിക്കാതെ കുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തുന്നു. മനുഷ്യത്വത്തിന്റെ യാതൊരു അംശവും കൂടാതെയാണ് അമ്മയും മക്കളും ഓരോ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയിരുന്നത്. അങ്ങനെ നീണ്ട ആറുവർഷം അവർ മുംബൈയുടെ പല ഭാഗങ്ങളിൽ നിന്നായി നിരവധി കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. ഒടുവിൽ 1996 ൽ പിടിക്കപ്പെടുമ്പോൾ മാത്രമാണ് മുംബൈ നഗരത്തിന്റെ പല പ്രവിശ്യകളിൽ നിന്നും കാണാതെപോയ കുഞ്ഞുങ്ങളുടെ തിരോധാനത്തിന് പിന്നിൽ അഞ്ജനാബായിയും പെൺമക്കളുമാണ് എന്ന് തെളിയുന്നത്.
മൂവരുടെയും വിചാരണകാലയളവ് ഏറെ കാലം നീണ്ടു പോയി. കോടതിയിൽ സഹോദരിമാർ കുറ്റം അമ്മയ്ക്ക് മുകളിൽ ചാർത്തി. കുറ്റകൃത്യങ്ങൾ ചെയ്യുവാൻ അമ്മയാണ് നിർബന്ധിച്ചത് എന്ന് അവർ കോടതിയിൽ മൊഴി നൽകി. അറസ്റ്റ് ചെയ്ത് രണ്ട് വർഷത്തിനുള്ളിൽ, വിചാരണ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അഞ്ജനാബായി പ്രായാധിക്യം മൂലം മരണപ്പെട്ടു. അഞ്ച് കൊലപാതകങ്ങൾക്കും 13 തട്ടിക്കൊണ്ടുപോകലുകൾക്കും മാത്രമാണ് ഗാവിറ്റ് സഹോദരിമാരെ കോടതി ശിക്ഷിച്ചത്. 2001 ൽ സീമയ്ക്കും രേണുകയ്ക്കും കോടതി വധ ശിക്ഷ വിധിച്ചു. എന്നാൽ, 2022 ജനുവരി 18 ന്, ഹൈക്കോടതി ഗാവിറ്റ് സഹോദരിമാരുടെ വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു.
Summary: Anjanabai Gavit and her daughters, Seema Gavit and Renuka Shinde, gained notoriety as India’s most brutal female serial killers after they kidnapped and murdered at least nine children between 1990 and 1996 to facilitate their thefts. Using children to distract crowds during robberies, the trio would kill them once they were no longer useful, committing gruesome acts of violence. Though initially sentenced to death in 2001, their sentences were commuted to life imprisonment by the Bombay High Court in 2022.


