പൊന്നാനി: മലപ്പുറം പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ രഹസ്യമായി മയക്കുമരുന്ന് വില്പന നടത്തിവന്ന രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി (Ponnani mdma drug arrest). പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ പ്രവർത്തിക്കുന്ന ചെരുപ്പുകട കേന്ദ്രീകരിച്ച് വ്യാപകമായി മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എ (MDMA) പിടികൂടിയത്. കടയ്ക്കുള്ളിൽ അതീവ രഹസ്യമായി സിഗരറ്റ് കവറിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെടുത്തത്.
കട നടത്തിപ്പുകാരായ പൊന്നാനി പടിഞ്ഞാറെവളപ്പിൽ അൻസാർ (32), അച്ചിവീട്ടിൽ അൻസാർ (30) എന്നിവരെയാണ് പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നായി 0.75 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. പൊന്നാനി എസ്.ഐമാരായ ഷീബു, അനന്തലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, എസ്. പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ടിജിൻ, പ്രസൂൺ, നിഖിൽ, സജിൽ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പിടിയിലായ പ്രതികൾ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി. ഇവരുടെ ലഹരി വില്പനയെക്കുറിച്ച് മുൻപ് പോലീസിന് വിവരം നൽകിയ നാട്ടുകാരന്റെ വീട് കയറി ആക്രമിച്ച കേസിലും വധശ്രമക്കേസുകളിലും (Attempt to Murder) പ്രതികളാണ് ഇരുവരും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊന്നാനി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രദേശത്തെ മറ്റ് ലഹരി ഇടപാടുകാരെക്കുറിച്ച് അറിയാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Story Summary: The Ponnani police arrested two men, Padinjarevalappil Ansar (32) and Achiveettil Ansar (30), for retailing MDMA under the guise of running a footwear shop near Chamravattam Junction. Acting on a tip-off, a police team led by Inspector Satheesh Kumar raided the shop and seized 0.75 grams of MDMA hidden inside a cigarette packet. The accused are habitual offenders already booked in local house-trespass and attempt-to-murder cases for attacking an informant. They have been remanded by the Ponnani court.


