ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമായതോടെ മേഖല വീണ്ടും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക്. ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ക്രൂയിസ് മിസൈൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ, ഒമാൻ തീരത്തും മറ്റൊരു ടാങ്കർ ആക്രമിക്കപ്പെട്ടതായി യുകെ മാരിടൈം ഏജൻസി സ്ഥിരീകരിച്ചു. മേഖലയിൽ സുരക്ഷാഭീഷണി ശക്തമായതോടെ അബുദാബിയിലെ യുഎസ് എംബസിയും ദുബായിലെ യുഎസ് കോൺസുലേറ്റും തങ്ങളുടെ നയതന്ത്ര സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു.(Iran US conflict fears grow as Iran attacks UAE tankers forcing US embassies to suspend services)
ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെടുകയും ആറ് ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനിടെ, മേഖലയിൽ നിരീക്ഷണം നടത്തുകയായിരുന്ന അമേരിക്കയുടെ അത്യാധുനിക എം ക്യു 1 (MQ-1) യുദ്ധ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്കിന് പുറമെ മറ്റ് മേഖലകളിലേക്കും സംഘർഷം പടരുകയാണ്. യെമനിലെ ഹൂതി വിമതരിൽ നിന്ന് അതിർത്തിയിൽ കടുത്ത ആക്രമണം നേരിട്ടതായി സൗദി പ്രതിരോധ സേന വ്യക്തമാക്കി. ഇറാഖിലെ ഇറാൻ വിരുദ്ധ കുർദിസ്ഥാൻ മേഖലയിലും കഴിഞ്ഞ മണിക്കൂറുകളിൽ ശക്തമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബഹ്റൈനിലും സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. അതേസമയം, അമേരിക്കയ്ക്കെതിരെ ശക്തമായ പ്രതികാരം ചെയ്യാനുള്ള ഇറാൻ പരമോന്നത നേതാവിന്റെ ആഹ്വാനത്തിന് ഇറാന്റെ ഉന്നത പുരോഹിത നേതൃത്വം ഔദ്യോഗികമായി അംഗീകാരം നൽകി.
Story Summary
Tensions in the Middle East have escalated into a war-like situation following Iranian missile attacks on two UAE oil tankers in the Strait of Hormuz, resulting in the death of an Indian crew member. As geopolitical friction intensifies, the US has temporarily suspended operations at its embassy in Abu Dhabi and consulate in Dubai, while Iran claims to have downed a US military drone amid wider regional strikes.


