ന്യൂഡൽഹി: പൗരത്വവും വിദേശി പദവിയും നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ “ന്യായവും നിയമപരവും യുക്തിസഹവുമായ” നടപടിക്രമങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി. അസമിൽ 27 വ്യക്തികളെ വിദേശികളായി പ്രഖ്യാപിച്ച ഗുവാഹത്തി ഹൈക്കോടതി ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.(Supreme Court sets aside Gauhati High Court orders declaring twenty seven individuals as foreigners in Assam)
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് 27 അപ്പീലുകൾ അനുവദിച്ചുകൊണ്ട് കേസ് പുതിയ വാദത്തിനായി ഫോറിനേഴ്സ് ട്രൈബ്യൂണലുകളിലേക്ക് തിരിച്ചയച്ചത്. പൗരത്വം എന്നത് ഭരണഘടനാപരമായും നിയമപരമായും അതീവ പ്രാധാന്യമുള്ള കാര്യമാണെന്നും, അതിനാൽ ഇതിന്മേലുള്ള തീരുമാനങ്ങൾ സുതാര്യമായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യൻ പൗരത്വത്തിന് അർഹതയില്ലാത്തവർ വ്യാജ അവകാശവാദങ്ങളിലൂടെയോ നിയമപരമായ കാലതാമസങ്ങൾ ചൂഷണം ചെയ്തോ പൗരത്വം നേടുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാരിന് അവകാശമുണ്ട്. എന്നാൽ ഈ ലക്ഷ്യം നേടുന്നതിനായി നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫോറിനേഴ്സ് ആക്ട് (1946) പ്രകാരമുള്ള പൗരത്വം തെളിയിക്കാനുള്ള ബാധ്യത പൂർണ്ണമായും നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
ഹർജിക്കാരുടെ പൗരത്വ അവകാശവാദങ്ങളുടെ മെറിറ്റിലേക്ക് തങ്ങൾ കടന്നിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. സമർപ്പിച്ച രേഖകളുടെ വിശ്വാസ്യതയോ യോഗ്യതയോ സുപ്രീം കോടതി പരിശോധിച്ചിട്ടില്ലെന്നും, ഇവ ട്രൈബ്യൂണലുകൾ സ്വതന്ത്രമായി പരിശോധിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. ഹൈക്കോടതിയുടെയോ മുൻ ട്രൈബ്യൂണലുകളുടെയോ നിരീക്ഷണങ്ങൾ സ്വാധീനിക്കാതെ തികച്ചും സ്വതന്ത്രമായി ഈ കേസുകളിൽ തീരുമാനമെടുക്കാനാണ് നിർദ്ദേശം.
പഴയ വോട്ടർപട്ടികയിലെ പേരിന്റെ അക്ഷരവിന്യാസത്തിലുണ്ടായ ചെറിയ തെറ്റുകളും ടൈപ്പിംഗ് പിഴവുകളും പോലുള്ള സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് തങ്ങളെ വിദേശികളായി പ്രഖ്യാപിച്ചതെന്ന് ഹർജിക്കാരായ സാബിത്രി ഡേ, അജ്ബഹർ അലി, എം.ഡി അക്ബർ അലി, ആബേദ ഖാത്തൂൻ, അനോവാര ഖാത്തൂൻ എന്നിവരുൾപ്പെടെയുള്ളവർ കോടതിയെ അറിയിച്ചിരുന്നു. അസമിലെ വിവിധ ഫോറിനേഴ്സ് ട്രൈബ്യൂണലുകളുടെ ഉത്തരവുകൾക്കെതിരെ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടാകാത്തതിനെ തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്.
Story Summary
The Supreme Court set aside Gauhati High Court judgments that declared 27 individuals as foreigners in Assam, ruling that citizenship determination must follow a fair and lawful process. Remanding the cases back to the Foreigners Tribunals for fresh independent adjudication, the apex court noted it did not examine the merits of the documents. The appellants had challenged the previous orders, stating they were declared foreigners based on minor typographical errors in old electoral rolls.

