നടി-മോഡൽ ട്വിഷ ശർമ്മയുടെ മരണത്തിൽ വഴിത്തിരിവാകുന്ന നിർണ്ണായക ഫോറൻസിക് റിപ്പോർട്ട് എയിംസ് ഡൽഹി സിബിഐക്ക് സമർപ്പിച്ചു. ട്വിഷയുടെ കഴുത്തിലെ പരിക്കുകളും മരണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ജിംനാസ്റ്റിക്സ് ബെൽറ്റും തമ്മിൽ ശാസ്ത്രീയ ബന്ധമുണ്ടെന്ന് എയിംസ് മെഡിക്കൽ ബോർഡ് സമർപ്പിച്ച 11 പേജുള്ള റിപ്പോർട്ടിൽ സൂചനയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ (Twisha Sharma death). ബെൽറ്റിലെ മെറ്റൽ റിംഗിലും മറ്റ് ഭാഗങ്ങളിലും നടത്തിയ ഹിസ്റ്റോപത്തോളജിക്കൽ പരിശോധനയിൽ ട്വിഷയുടെ കഴുത്തിലെ പാടുകളുമായി സാമ്യമുള്ള ചർമ്മകോശങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്.
മേയ് 12-നാണ് ഭോപ്പാലിലെ ഭർതൃഗൃഹത്തിൽ ട്വിഷ ശർമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ആറു മാസത്തിനുള്ളിലായിരുന്നു ദാരുണമായ സംഭവം. മരണത്തിന് ഉപയോഗിച്ച ജിംനാസ്റ്റിക്സ് ബെൽറ്റ് ആദ്യ പോസ്റ്റ്‌മോർട്ടം സമയത്ത് ഡോക്ടർമാർക്ക് പരിശോധിക്കാൻ ലഭ്യമായിരുന്നില്ലെന്നത് കേസിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ബെൽറ്റ് ഫോറൻസിക് സംഘം കസ്റ്റഡിയിലെടുത്തെങ്കിലും ആശുപത്രിയിൽ കൃത്യസമയത്ത് എത്തിക്കാൻ സാധിച്ചില്ലെന്നായിരുന്നു ഭോപ്പാൽ പോലീസിന്റെ വിശദീകരണം. എന്നാൽ, ഈ വീഴ്ച അന്വേഷണത്തെ ബാധിച്ചെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമം നടന്നെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
ഗാർഹിക പീഡനവും സ്ത്രീധന പീഡനവും ആരോപിച്ചുള്ള കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് സമർത്ഥ് സിംഗിനും ഭർതൃമാതാവ് ഗിരിബാല സിംഗിനുമെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സുപ്രീം കോടതി ഇടപെടലിനെത്തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. പുതിയ എയിംസ് റിപ്പോർട്ട് ട്വിഷയുടെ മരണനിമിഷങ്ങൾ പുനരാവിഷ്കരിക്കാൻ സിബിഐയെ സഹായിക്കും. ഇത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന കാര്യത്തിൽ ശാസ്ത്രീയമായ അന്തിമ നിഗമനത്തിലേക്ക് എത്താൻ അന്വേഷണ സംഘത്തിന് സാധിക്കും. കേസിൽ പ്രതികളായ ഭർത്താവ് സമർത്ഥ് സിംഗും ഗിരിബാല സിംഗും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Summary: In a major breakthrough in the death case of actress-model Twisha Sharma, an AIIMS Delhi forensic report submitted to the CBI has reportedly established a physical link between the neck injuries found on her body and the gymnastics belt suspected to have been used in the incident. This development addresses a long-standing point of contention in the investigation, as the belt was notably absent during the initial post-mortem, and provides the CBI with critical evidence to reconstruct the events of May 12.

