തന്റെ മക്കളെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി നടി ഖുശ്ബു സുന്ദർ. വിലകുറഞ്ഞ പ്രശസ്തിക്കും യൂട്യൂബ് ചാനലുകളിലെ വ്യൂസിനും വേണ്ടി തന്റെ കുടുംബത്തെയും മക്കളെയും ഉപയോഗിക്കുന്നവർക്കെതിരെയാണ് താരം രൂക്ഷമായി പ്രതികരിച്ചത് (Khushbu Sundar Daughters Cyberbullying). തന്റെ മക്കളെ സംരക്ഷിക്കാൻ ഏത് സാഹചര്യത്തിലും ചാടിവീഴുന്ന ഒരമ്മയാണു താനെന്നും, തന്റെ മക്കളെ ഉപദ്രവിക്കാൻ മുതിർന്നാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഖുശ്ബു എക്‌സ് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകി.
സ്നേഹവും പരസ്പര വിശ്വാസവും അടിസ്ഥാനമാക്കിയാണ് തങ്ങൾ കുടുംബം കെട്ടിപ്പടുത്തതെന്ന് ഖുശ്ബു പറഞ്ഞു. കഠിനാധ്വാനം ചെയ്താണ് തങ്ങൾ ഈ നിലയിലെത്തിയത്. മക്കളെ സെലിബ്രിറ്റി പദവിയുടെ ആനുകൂല്യം മുതലെടുക്കാൻ അനുവദിക്കാതെയാണ് വളർത്തിയത്. തങ്ങളുടെ മക്കളെക്കുറിച്ച് തങ്ങൾക്ക് അഭിമാനമേയുള്ളൂവെന്നും, സംസ്കാരശൂന്യരായ ചില ആളുകളുടെ മാനസിക വൈകൃതത്തിന് തന്റെ മക്കൾ ഇരയാകുന്നത് കണ്ടുനിൽക്കില്ലെന്നും അവർ തുറന്നടിച്ചു. ഇത്തരം മോശം ആളുകളുടെ അതേ ഭാഷയിൽ മറുപടി നൽകാൻ തനിക്ക് ആഗ്രഹമുണ്ടെങ്കിലും, മാന്യത പാലിച്ച് പിന്മാറുന്നുവെന്നും എന്നാൽ ഇതൊരു ഭീരുത്വമായി കാണേണ്ടെന്നും ഖുശ്ബു ഓർമ്മിപ്പിച്ചു.
ഖുശ്ബുവിന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് നടി രാധിക ശരത്‌കുമാറും രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള ലൈസൻസല്ലെന്ന് രാധിക ഓർമ്മിപ്പിച്ചു. വിമർശനം എന്ന പേരിൽ ക്രൂരത കാണിക്കുന്നത് ഭീരുത്വമാണ്. ഖുശ്ബുവിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാധിക തന്റെ ഐക്യദാർഢ്യം അറിയിച്ചത്.
ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മക്കളായ അവന്തികയും ആനന്ദിതയും മുൻപും സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. തങ്ങളുടെ രൂപത്തെ പരിഹസിച്ചും മോശം വാക്കുകൾ ഉപയോഗിച്ചും നിരന്തരം അധിക്ഷേപങ്ങൾ നേരിടാറുണ്ടെന്ന് മകൾ ആനന്ദിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികളെ അപമാനിക്കാൻ ഉപയോഗിക്കുന്ന പദങ്ങൾ തനിക്കെതിരെ ഉപയോഗിക്കുന്നത് അറിവില്ലായ്മ കൊണ്ടാണെന്നും, ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും ആനന്ദിത വ്യക്തമാക്കിയിരുന്നു.
Summary: Actress and politician Khushbu Sundar has hit back at cyberbullies who have been repeatedly targeting her daughters on social media. Emphasizing that she will not tolerate cheap attacks for the sake of publicity, Khushbu declared that she will protect her children at any cost, receiving strong support from fellow actress Radikaa Sarathkumar, who labeled such harassment as cowardly.

