വാഷിംഗ്ടൺ: തനിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള വധശ്രമമുണ്ടായാൽ ഇറാൻ ഇതുവരെ കാണാത്ത തരത്തിലുള്ള അതിശക്തമായ തിരിച്ചടി നൽകാൻ യു.എസ് സൈന്യത്തിന് നിർദേശം നൽകിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald trump). വർഷങ്ങളായി ഇറാൻ തന്നെ ലക്ഷ്യം വെച്ചിരിക്കുകയാണെന്നും, ശത്രുക്കളുടെ ആ ഹിറ്റ്ലിസ്റ്റിൽ വളരെക്കാലമായി തന്റെ പേരുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
തന്റെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള നീക്കങ്ങൾ ഇറാന്റെ ഭാഗത്തുനിന്നുണ്ടായാൽ ആ രാജ്യത്തിന് മേൽ കനത്ത ബോംബാക്രമണം നടത്താനാണ് സൈന്യത്തിന് നൽകിയിരിക്കുന്ന നിർദേശം. അങ്ങനെയൊന്നുണ്ടായാൽ പിന്നെ ആ രാജ്യം ഭൂമുഖത്തുണ്ടാകില്ലെന്നും, ഇതുവരെ അവർ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള വലിയ പ്രത്യാഘാതമായിരിക്കും നേരിടേണ്ടി വരികയെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
അതേസമയം, നിലവിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള പുതിയ വധശ്രമങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങളോ അടിയന്തര മുന്നറിയിപ്പുകളോ ഒന്നും തന്നെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ പുതിയ പരമോന്നത നേതാവ് അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കഴിഞ്ഞ ദിവസം നടത്തിയ കടുത്ത പ്രതികാര പ്രസ്താവനകൾക്ക് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പരസ്യമായ ഭീഷണി പുറത്തുവരുന്നത്.
Story Summary:
US President Donald Trump has ordered the military to launch catastrophic strikes on Iran if they attempt to assassinate him, warning that the country would be wiped off the face of the Earth. Trump’s statement comes amid heightened tensions and recent threats from Iran’s new leadership.

