സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്നതിനായി തയ്യാറാക്കിയ കരട് ബിൽ പരിശോധിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ ഉന്നതതല സമിതിയെ രൂപീകരിച്ചു. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലാണ് ഒൻപതംഗ സമിതി പ്രവർത്തിക്കുക (West Bengal UCC). കരട് ബില്ലിന്റെ വ്യാപ്തിയും സങ്കീർണ്ണതയും കണക്കിലെടുത്ത്, സമഗ്രമായ പരിശോധനയ്ക്ക് ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് സർക്കാർ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
മതം, വിശ്വാസം, സമുദായം എന്നിവ പരിഗണിക്കാതെ സംസ്ഥാനത്തെ പൗരന്മാർക്ക് ബാധകമാകുന്ന ഏകീകൃത സിവിൽ നിയമ ചട്ടക്കൂട് രൂപീകരിക്കുകയാണ് ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിനിയമങ്ങളിലെ ഏകീകരണമാണ് സമിതി പരിശോധിക്കുന്നത്. ജൂലൈ രണ്ടിന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിൽ പരാമർശിച്ചിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഈ നീക്കമെന്ന് സർക്കാർ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയാകുന്ന സമിതിയിൽ മേഘാലയ മുൻ ഗവർണർ തഥാഗത റോയ്, റെസിഡന്റ് കമ്മീഷണർ ദുഷ്യന്ത് നാരിയൽ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ശത്രുഘ്ന സിംഗ്, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സംഗമിത്ര ഘോഷ്, ഡോ. രത്ന ഭട്ടാചാര്യ, ഗൗർ ബംഗ സർവകലാശാല മുൻ വൈസ് ചാൻസലർ ഗോപാൽചന്ദ്ര മിശ്ര, അഭിഭാഷകൻ ഉസ്മാൻ ഗനി മല്ലിക്ക്, നിർമ്മല്യ ഭട്ടാചാര്യ എന്നിവർ അംഗങ്ങളായിരിക്കും.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു യൂണിഫോം സിവിൽ കോഡ്. 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഈ നടപടി. ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം യുസിസി നടപ്പിലാക്കുന്ന നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറിയേക്കും. നിലവിലെ ബിൽ ഉത്തരാഖണ്ഡിലെയും അസമിലെയും മാതൃകകൾക്ക് സമാനമായാണ് തയ്യാറാക്കിയിരിക്കുന്നത്.
Summary: The West Bengal government has formed a high-level committee, chaired by former Supreme Court Justice Ranjana Prakash Desai, to review the draft Uniform Civil Code (UCC) Bill. This initiative follows the BJP’s 2026 electoral promise and aims to standardize personal civil laws regarding marriage, divorce, and inheritance across all communities in the state.

