ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ പുതിയൊരേട് കുറിച്ച് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ സർവീസ് ആരംഭിക്കുന്നു (Hydrogen train india). ജൂലൈ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 89 കിലോമീറ്റർ ദൂരത്തിലാണ് ഹരിത ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ അത്യാധുനിക ട്രെയിൻ സർവീസ് നടത്തുക. വെറും രണ്ട് മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കുന്ന ട്രെയിനിന് ഇരു റൂട്ടുകളിലുമായി 12 സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.
ട്രെയിൻ നമ്പർ 74010 ജിന്ദ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് രാവിലെ 7.40 ന് പുറപ്പെട്ട് 9.40 ന് സോണിപത്തിൽ എത്തിച്ചേരും. ജിന്ദ് സിറ്റി, പാണ്ടു പിണ്ഡാര, ലളിത് ഖേര, ഭാംബേവ, ഇഷാപൂർ ഖേരി, ബുട്ടാന, ഖന്ദ്രായി, ഗോഹാന, രഭ്ര, ലാത്ത്, മോഹന ഹരിയാന, ബർവാസ്‌നി എന്നീ ഇന്റർമീഡിയറ്റ് സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. മടക്ക സർവീസിൽ ട്രെയിൻ നമ്പർ 74009 സോണിപത്തിൽ നിന്ന് രാവിലെ 10.40 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.00 മണിക്ക് ജിന്ദിലെത്തും. ജൂലൈ 17-ന് നടക്കുന്ന ഉദ്ഘാടന സർവീസിന് ശേഷം, പൊതുജനങ്ങൾക്കായുള്ള പതിവ് പാസഞ്ചർ സർവീസ് ആരംഭിക്കുന്ന തീയതി നോർത്തേൺ റെയിൽവേ ഉടൻ പ്രഖ്യാപിക്കുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.
പ്രധാന സവിശേഷതകൾ:
10 കോച്ചുകളുള്ള ഈ ട്രെയിനിൽ 682 സീറ്റുകളാണുള്ളത്. ഒരേസമയം 2,600 യാത്രക്കാരെ വരെ വഹിക്കാൻ ട്രെയിനിന് ശേഷിയുണ്ട്. ജിന്ദിനും സോണിപത്തിനും ഇടയിൽ പ്രതിദിനം രണ്ട് റൗണ്ട് ട്രിപ്പുകളിലായി 356 കിലോമീറ്ററാണ് ട്രെയിൻ സഞ്ചരിക്കുക. പരീക്ഷണ ഓട്ടത്തിനിടെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത കൈവരിച്ചെങ്കിലും, യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പതിവ് സർവീസുകളിൽ പരമാവധി പ്രവർത്തന വേഗത മണിക്കൂറിൽ 75 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്.
ഡീസലിന് പകരം ട്രാക്ഷൻ പവർ ഉത്പാദിപ്പിക്കാൻ പൂർണ്ണമായും ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിക്കുന്ന 10-കോച്ച് ഡെമു (DEMU) ട്രെയിൻ അവതരിപ്പിക്കാൻ റെയിൽവേ ബോർഡ് അംഗീകാരം നൽകിയിരുന്നു. പരിസ്ഥിതി മലിനീകരണം പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഈ സാങ്കേതികവിദ്യ. പുതിയ സാങ്കേതികവിദ്യയായതിനാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി, സർവീസ് ആരംഭിക്കുന്ന ആദ്യത്തെ മൂന്ന് മാസത്തേക്ക് ഹൈഡ്രജൻ ട്രെയിൻസെറ്റുകളിൽ പ്രത്യേക പരിശീലനം ലഭിച്ച സാങ്കേതിക ഉദ്യോഗസ്ഥർ യാത്രയിലുടനീളം ട്രെയിനിലുണ്ടായിരിക്കണമെന്ന് റെയിൽവേ മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്.
Story Summary: India’s first hydrogen-powered train service is set to be flagged off by PM Narendra Modi on July 17. Operating between Jind and Sonipat in Haryana, the 10-coach eco-friendly train will cover the 89 km distance in two hours, equipped with trained technical staff for the initial months to ensure safety.

