HomeNationalകരൂർ അപകടം: ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുന്നതിൽ ഇടപെടാതെ മദ്രാസ്...

കരൂർ അപകടം: ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുന്നതിൽ ഇടപെടാതെ മദ്രാസ് ഹൈക്കോടതി | Karur Stampede

ചെന്നൈ: കരൂർ ടിവികെ റാലിക്കിടെയുണ്ടായ തിക്കും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാർ തീരുമാനത്തിൽ ഇടപെടാൻ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് വിസമ്മതിച്ചു (Karur Stampede). എന്നാൽ, നൽകുന്ന നിയമനങ്ങൾ താൽക്കാലികമായിരിക്കുമെന്നും കേസിന്റെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ ഈ ഘട്ടത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് സി.വി. കാർത്തികേയൻ, ജസ്റ്റിസ് ശക്തിവേൽ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. നിയമനം ലഭിക്കുന്നവർക്ക് ആദ്യ മാസത്തെ ശമ്പളം നൽകുന്നതിന് മുൻപ് ഹർജികളിൽ വീണ്ടും വാദം കേൾക്കും. തമിഴ്നാട് പബ്ലിക് സർവീസ് കമ്മീഷനെ (TNPSC) കോടതി സ്വമേധയാ കേസിൽ കക്ഷി ചേർത്തു. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടക്കുന്ന കേസാണിതെന്ന് കോടതി ഓർമ്മിപ്പിച്ചു.

സർക്കാർ ജോലി നൽകുന്നത് നിയമപരമായ റിക്രൂട്ട്‌മെന്റ് പ്രക്രിയകളെ മറികടക്കുന്നതാണെന്നും തുല്യതയ്ക്കുള്ള അവകാശത്തെ ബാധിക്കുമെന്നും ഹർജിക്കാർ വാദിച്ചു. സിബിഐ അന്വേഷണം നടക്കുന്നതിനാൽ ഇത്തരം ആനുകൂല്യങ്ങൾ കേസിന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്നും ഇവർ ആരോപിച്ചു. എന്നാൽ, ഇരകളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിൽ എന്താണ് തെറ്റെന്നും, അവർക്ക് സഹായം ആവശ്യമില്ലേയെന്നും കോടതി ഹർജിക്കാരോട് തിരിച്ചുചോദിച്ചു. ഇതൊരു രാഷ്ട്രീയ വേദിയല്ലെന്നും നിയമപരമായ വിഷയങ്ങളിൽ മാത്രം വാദങ്ങൾ ഒതുക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിജയ് പങ്കെടുത്ത ടിവികെ റാലിക്കിടെയുണ്ടായ തിക്കും തിരക്കിലാണ് കുട്ടികളടക്കം 41 പേർ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് കറൂർ സന്ദർശിക്കാനിരിക്കെയാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. സന്ദർശന വേളയിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അദ്ദേഹം നിയമന ഉത്തരവുകൾ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Summary: The Madurai Bench of the Madras High Court has declined to stay the Tamil Nadu government’s decision to provide government jobs to the families of 41 victims of the Karur TVK rally stampede. While the court stated it would not interfere with the government’s policy at this stage, it ordered that these appointments will be temporary and subject to the final outcome of the ongoing legal proceedings. The court also directed the TNPSC to be impleaded and scheduled the next hearing before the disbursement of the first month’s salary, coinciding with Chief Minister C. Joseph Vijay’s visit to distribute the appointment orders.

Clickable Info Box