ബോസ്റ്റൺ: മൊറോക്കോയുടെ പ്രതിരോധക്കോട്ട തകർത്ത് ഫ്രാൻസ് 2026 ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് പട വിജയം പിടിച്ചടക്കിയത്. രണ്ടാം പകുതിയിലെ ആറ് മിനിറ്റുകളുടെ വ്യത്യാസത്തിൽ സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ എന്നിവരാണ് ഫ്രാൻസിനായി ലക്ഷ്യം കണ്ടത്. ഈ വിജയത്തോടെ തുടർച്ചയായ മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പിന്റെ സെമി ഫൈനൽ ടിക്കറ്റ് ഉറപ്പാക്കുന്നത്.(France Defeats Morocco To Reach FIFA World Cup 2026 Semi Finals)
ആദ്യ പകുതിയിൽ മൊറോക്കോ ഉയർത്തിയ ശക്തമായ പ്രതിരോധം ഫ്രാൻസിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. കളിയുടെ 26-ാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിക്കാൻ കിലിയൻ എംബാപ്പെയ്ക്ക് സാധിച്ചതുമില്ല. മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബൗനുവിന്റെ തകർപ്പൻ സേവാണ് ഫ്രാൻസിന്റെ ലീഡ് മോഹങ്ങൾക്ക് തടയിട്ടത്. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ മെനഞ്ഞ ഫ്രാൻസ് ആക്രമണം ശക്തമാക്കി. 60-ാം മിനിറ്റിൽ പെനാൽറ്റി നഷ്ടത്തിന് പ്രായശ്ചിത്തം ചെയ്തുകൊണ്ട് എംബാപ്പെയിലൂടെ ഫ്രാൻസ് ആദ്യ ഗോൾ നേടി. ഈ ഗോളോടെ ടൂർണമെന്റിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിലും എംബാപ്പെ മുന്നിലെത്തി. മൊറോക്കോ ഈ ആഘാതത്തിൽ നിന്ന് മുക്തമാകും മുൻപ് തന്നെ ഫ്രാൻസ് അടുത്ത പ്രഹരവുമേൽപ്പിച്ചു. 66-ാം മിനിറ്റിൽ ഉസ്മാൻ ഡെംബെലെ ഉതിർത്ത ഉഗ്രൻ ഷോട്ട് മൊറോക്കൻ കീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചതോടെ ഫ്രാൻസ് വിജയം ഉറപ്പിച്ചു.
മത്സരത്തിന്റെ അവസാന ഘട്ടത്തിൽ പരിക്കേറ്റ എംബാപ്പെ ഐസ് പാക്കുമായി ബെഞ്ചിലേക്ക് മാറിയത് ഫ്രഞ്ച് ക്യാമ്പിൽ നേരിയ ആശങ്ക പരത്തിയെങ്കിലും, മത്സരശേഷം താരം ടീമിനൊപ്പം വിജയം ആഘോഷിക്കുന്നതാണ് കണ്ടത്. സെമി ഫൈനലിൽ സ്പെയിൻ – ബെൽജിയം മത്സരത്തിലെ വിജയികളെയാണ് ഫ്രാൻസ് നേരിടുക.
Story Summary
France secured a spot in the 2026 FIFA World Cup semi-finals after defeating Morocco 2-0 in the first quarter-final match held in Boston. Second-half goals from Kylian Mbappé and Ousmane Dembélé sealed the victory for the French side, marking their third consecutive World Cup semi-final appearance.

