ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ പാർലമെന്റിനെ അറിയിക്കുന്നതിന് മുൻപ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എം.പി. ഇന്ത്യയിൽ രാത്രിയായിരുന്ന സമയത്ത്, ഇന്ത്യക്കാരെ ഇരുട്ടിൽ നിർത്തി ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളുടെ വിശദാംശങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.(Trump is not the Prime Minister of India, John Brittas MP lashes out on India-Us trade deal)
രാജ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട നയപരമായ പ്രഖ്യാപനം ഒരു വിദേശ പ്രസിഡന്റ് അദ്ദേഹത്തിന് സൗകര്യപ്രദമായ സമയത്ത് നടത്തിയത് അമ്പരപ്പിക്കുന്നതാണ്. ഇന്ത്യയുടെ നയങ്ങൾ പ്രഖ്യാപിക്കാൻ ട്രംപിന് ആരാണ് ‘പുറംകരാർ’ നൽകിയതെന്ന് അദ്ദേഹം ചോദിച്ചു.
പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ ഇത്തരം പ്രഖ്യാപനങ്ങൾ സഭയിലാണ് നടത്തേണ്ടത്. എന്നാൽ മന്ത്രിമാർ രാത്രി വൈകി എലോൺ മസ്കിന്റെ ‘എക്സിലൂടെ’ നാമമാത്രമായ വിവരങ്ങൾ നൽകുകയാണുണ്ടായത്. ഇത് ആരോഗ്യകരമായ പാർലമെന്ററി കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, ഡോണൾഡ് ട്രംപ് അല്ല എന്നെങ്കിലും ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് ബാധ്യതയുണ്ട് എന്ന് ജോൺ ബ്രിട്ടാസ് പരിഹസിച്ചു.
എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രിയെ വൻ കരഘോഷത്തോടെ അംഗങ്ങൾ വരവേറ്റു. ലോകക്രമം മാറിക്കൊണ്ടിരിക്കുകയാണെന്നും ഈ കരാർ ഉൽപ്പാദന രംഗത്ത് ഇന്ത്യക്ക് വലിയ നേട്ടമാകുമെന്നും മോദി വിശദീകരിച്ചു. എന്നാൽ, സഭയ്ക്കുള്ളിൽ ‘സറണ്ടർ മോദി’ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഇതേത്തുടർന്ന് ലോക്സഭാ നടപടികൾ ഉച്ചവരെ തടസ്സപ്പെട്ടു.

