മെൽബൺ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ രണ്ടാം ഘട്ടമായി ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി മെൽബണിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഉന്നതതല യോഗം ചേർന്നത്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിൽ എത്തിയ പ്രധാനമന്ത്രിക്ക് മെൽബണിലെ ഇന്ത്യൻ സമൂഹം ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയിരുന്നത്.(PM Modi Meets Australian PM Anthony Albanese In Melbourne For Bilateral Talks)
മൂന്ന് ദിവസത്തെ സന്ദർശന വേളയിൽ ഇരു നേതാക്കളും പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കായികം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ച് വിപുലമായ ചർച്ചകൾ നടത്തും. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം പുതിയ തലങ്ങളിലേക്ക് ഉയർത്തുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. പുത്തൻ സാങ്കേതികവിദ്യകൾ, ക്രിട്ടിക്കൽ മിനറൽസ് തുടങ്ങിയ മേഖലകളിലെ സംയുക്ത നീക്കങ്ങളും ചർച്ചകളുടെ അജണ്ടയിലുണ്ട്.
കഴിഞ്ഞ ദിവസം മെൽബണിൽ പ്രവാസികൾ ഒരുക്കിയ സാംസ്കാരിക വിരുന്നിനെ പ്രധാനമന്ത്രി എക്സ് പ്ലാറ്റ്‌ഫോമിലൂടെ വീണ്ടും പ്രശംസിച്ചു. ഓസ്‌ട്രേലിയൻ തദ്ദേശീയ വാദ്യോപകരണമായ ഡിഡ്‌ജെറിഡോയും ഇന്ത്യൻ തബലയും ചേർന്നുള്ള ഫ്യൂഷൻ സംഗീതവും, വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് അരങ്ങേറിയ ‘മാ തുജെ സലാം’ ഓർക്കസ്ട്രയും ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം കുറിച്ചു. കൂടാതെ സ്വീകരണ ചടങ്ങിലെ കഥക് നൃത്തത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്തോനേഷ്യൻ സന്ദർശനം പൂർത്തിയാക്കിയെത്തിയ മോദി, ഓസ്‌ട്രേലിയയിലെ ചർച്ചകൾക്ക് ശേഷം സന്ദർശനത്തിന്റെ അവസാന ഘട്ടമായി ന്യൂസിലാൻഡിലേക്ക് തിരിക്കും.
Story Summary
Prime Minister Narendra Modi met his Australian counterpart Anthony Albanese in Melbourne to hold wide-ranging discussions on defense, trade, and critical technologies. The bilateral meeting follows a grand cultural welcome by the Indian diaspora in Melbourne, celebrating the deep ties between the two nations.

