മെൽബൺ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ രണ്ടാം ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയിലെ മെൽബണിൽ എത്തിച്ചേർന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. മെൽബൺ വിമാനത്താവളത്തിൽ ഓസ്ട്രേലിയൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ ചേർന്നാണ് പ്രധാനമന്ത്രിയെ ഔദ്യോഗികമായി സ്വീകരിച്ചത്.(PM Modi Arrives In Melbourne On Second Leg Of Three Nation Tour)
അദ്ദേഹത്തിന് ആചാരപരമായ ഗാർഡ് ഓഫ് ഓണറും നൽകി. ഈ സന്ദർശനം ഇന്ത്യ-ഓസ്ട്രേലിയ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന് പുതിയ ഊർജ്ജം പകരുമെന്ന് നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഓസ്ട്രേലിയയിൽ വസിക്കുന്ന ഇന്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിക്കും. സന്ദർശന വേളയിൽ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി ചേർന്ന് മൂന്നാമത് വാർഷിക ഉച്ചകോടിയിൽ മോദി അധ്യക്ഷത വഹിക്കും. ഇരുരാജ്യങ്ങൾക്കും താല്പര്യമുള്ള പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്യും.
താമസസ്ഥലമായ മെൽബണിലെ ഹോട്ടലിൽ എത്തിയ പ്രധാനമന്ത്രിക്ക് വന്ദേമാതരം ധ്വനികളോടെയാണ് ഇന്ത്യൻ സമൂഹം സ്വീകരണമൊരുക്കിയത്. മെൽബണിലെ തണുത്ത കാലാവസ്ഥയിലും പ്രവാസികൾ നൽകിയ സ്വീകരണം ഹൃദ്യമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വീകരണ ചടങ്ങിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ തദ്ദേശീയ വാദ്യോപകരണമായ ഡിഡ്ജെറിഡോയും ഇന്ത്യൻ തബലയും ചേർന്നുള്ള പ്രത്യേക സംഗീത വിരുന്നും കഥക് നൃത്തവും വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചുള്ള ഓർക്കസ്ട്രയും അരങ്ങേറി. മൂന്ന് ദിവസത്തെ ഇന്തോനേഷ്യൻ സന്ദർശനം പൂർത്തിയാക്കിയാണ് മോദി ഓസ്ട്രേലിയയിലെത്തിയത്. ഇവിടെ നിന്നും അദ്ദേഹം ന്യൂസിലാൻഡിലേക്ക് തിരിക്കും.
Story Summary
Prime Minister Narendra Modi has arrived in Melbourne, Australia, as part of his three-nation tour to hold the 3rd Annual Summit with his counterpart Anthony Albanese. Upon arrival, he received a warm welcome from senior officials and a vibrant reception from the enthusiastic Indian diaspora showcasing cultural fusion performances.

