കൊച്ചി: ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ച പ്രമുഖ കൺസ്യൂമർ ടെക്നോളജി ബ്രാൻഡായ നത്തിങ്ങിന്റെ (Nothing Phone 4b India Launch Price) ഏറ്റവും പുതിയ നത്തിങ് ഫോൺ (4ബി) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മുൻപ് വിപണി കീഴടക്കിയ ഫോൺ (4എ) സീരീസിന്റെ വൻ വിജയത്തിന് പിന്നാലെയാണ് തങ്ങളുടെ ആദ്യ ‘ബി’ സീരീസ് ഫോണുമായി കമ്പനി എത്തിയിരിക്കുന്നത്. നത്തിങ്ങിന്റെ തനതായ സുതാര്യമായ (Transparent) ഡിസൈൻ ശൈലി, കരുത്തുറ്റ പ്രകടനം, അത്യാധുനിക എഐ ഫീച്ചറുകൾ എന്നിവ ഒത്തിണക്കിയാണ് പുതിയ ഫോൺ (4ബി) രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്വാൽക്കോമിന്റെ ഏറ്റവും പുതിയ 4എൻഎം പ്രൊസസ്സറായ സ്നാപ്ഡ്രാഗൺ 6 ജെൻ 4 ആണ് ഈ സ്മാർട്ട്ഫോണിന് കരുത്തേകുന്നത്.
നത്തിങ് ഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയുമായാണ് ഫോൺ (4ബി) വിപണിയിലെത്തുന്നത് എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. 33 വാട്ടിന്റെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് (mAh) ഭീമൻ ബാറ്ററിയാണ് ഇതിലുള്ളത്. വെറും 30 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ ഇതിലൂടെ സാധിക്കും. ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സൽ ഒഐഎസ് (OIS) മെയിൻ ക്യാമറയും, 119 ഡിഗ്രി അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. 4കെ വീഡിയോ റെക്കോർഡിംഗിന് പുറമെ, ഒരേസമയം മുൻ-പിൻ ക്യാമറകളിൽ വീഡിയോ പകർത്തുവാൻ സഹായിക്കുന്ന ഡ്യുവൽ ക്യാപ്ചർ സംവിധാനവും ഇതിലുണ്ട്. 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് സൂപ്പർ അമോലെഡ് (Super AMOLED) ഡിസ്പ്ലേയാണ് ഫോണിന്റേത്.
പ്രത്യേക ആർസിബി എഡിഷനും വിലവിവരങ്ങളും
ഐപിഎൽ ക്രിക്കറ്റ് ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പ്രധാന സ്പോൺസർമാരായ നത്തിങ്, ക്ലബ്ബിന്റെ രണ്ടാം ഐപിഎൽ കിരീട നേട്ടം ആഘോഷിക്കുന്നതിനായി ഫോണിന്റെ പ്രത്യേക ആർസിബി (RCB) എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേക പാക്കേജിംഗിൽ എത്തുന്ന ചുവപ്പ് നിറത്തിലുള്ള ഈ എക്സ്ക്ലൂസീവ് മോഡൽ ബെംഗളൂരുവിലെ നത്തിങ് ഫ്ലാഗ്ഷിപ്പ് സ്റ്റോറിൽ മാത്രമായിരിക്കും ലഭ്യമാവുക. അല്ലാത്തവർക്കായി സാധാരണ വേരിയന്റുകൾ ബ്ലാക്ക്, വൈറ്റ്, ബ്ലൂ നിറങ്ങളിൽ ലഭ്യമാണ്. ഐപി 64 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസുള്ള ഈ ഫോണിൽ നത്തിങ്ങിന്റെ പ്രശസ്തമായ ഗ്ലിഫ് (Glyph) എൽഇഡി ഇന്റർഫേസും ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 4.1-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 3 വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് നത്തിങ് ഫോൺ (4ബി) വിപണിയിൽ എത്തുന്നത്. വിപണി വില 34,999 രൂപവരുന്ന 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ബേസ് മോഡൽ വിവിധ ബാങ്ക് ഡിസ്കൗണ്ടുകൾ ഉൾപ്പെടെ 29,999 രൂപയ്ക്ക് സ്വന്തമാക്കാം. ഉയർന്ന മോഡലായ 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 38,999 രൂപയാണ് വിലയെങ്കിലും ലോഞ്ച് ഓഫറുകളുടെ ഭാഗമായി ബാങ്ക് ഡിസ്കൗണ്ടുകൾ ഉൾപ്പെടെ ഇത് 33,699 രൂപയ്ക്ക് ലഭ്യമാകും. വരും ദിവസങ്ങളിൽ, അതായത് ജൂലൈ 14 മുതൽ പ്രമുഖ ഇ-കോമേഴ്സ് സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴിയും ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് തുടങ്ങിയ പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴിയും ഉപഭോക്താക്കൾക്ക് ഈ ഫോൺ നേരിട്ട് വാങ്ങാം.
Story Summary:
Consumer technology brand Nothing has launched its new smartphone, Nothing Phone (4b), powered by the Qualcomm Snapdragon 6 Gen 4 processor. The device boasts the largest-ever battery in a Nothing phone—a 6,000 mAh pack with 33W fast charging—alongside a 50MP OIS dual-camera system, a 6.77-inch Super AMOLED display, and Nothing OS 4.1 based on Android 16. To celebrate Royal Challengers Bengaluru’s second IPL title victory, Nothing has also unveiled an exclusive red-colored RCB Edition available solely at its Bengaluru flagship store. The standard models go on sale from July 14 across Flipkart and major retail chains with effective starting prices of ₹29,999 and ₹33,699 including bank discounts.

