ടെഹ്‌റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയിലും അനുശോചന ചടങ്ങുകളിലും വിദേശ രാജ്യങ്ങൾ പങ്കെടുക്കുന്നത് തടയാൻ അമേരിക്ക രഹസ്യ നയതന്ത്ര നീക്കങ്ങൾ നടത്തിയതായി ഇറാൻ. യു.എസ് സമ്മർദ്ദത്തെ തുടർന്ന് കുറഞ്ഞത് 13 രാജ്യങ്ങൾ ചടങ്ങുകളിൽ നിന്നുള്ള പങ്കാളിത്തം പിൻവലിക്കുകയോ പ്രതിനിധികളുടെ എണ്ണം ചുരുക്കുകയോ ചെയ്തതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.(Ayatollah Ali Khamenei funeral, US Diplomatic Pressure To Discourage Countries From Attending Funeral)
ടെഹ്‌റാനിലെ ഇമാം ഖമേനി ഗ്രാൻഡ് മുസല്ലയിൽ ആരംഭിച്ച ബഹുദിന ചടങ്ങുകൾ ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ നടക്കുന്ന സംസ്കാരത്തോടെ സമാപിക്കും. ചടങ്ങിൽ വിദേശ പ്രതിനിധികൾ പങ്കെടുക്കുന്നത് തടയാൻ ജൂൺ 26-ന് യു.എസ് വിദേശകാര്യ സെക്രട്ടറി അമേരിക്കൻ എംബസികൾക്കും നയതന്ത്ര മിഷനുകൾക്കും അതീവ രഹസ്യ നിർദ്ദേശം നൽകിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഖമേനിയുടെ അനുശോചന ചടങ്ങിൽ പങ്കെടുക്കുന്നത് അമേരിക്കയോടുള്ള ‘ശത്രുതാപരമായ നിലപാടായി’ കണക്കാക്കുമെന്നും ഇത് യു.എസുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും നയതന്ത്രജ്ഞർ വഴി വിവിധ രാജ്യങ്ങളെ വാഷിംഗ്ടൺ അറിയിച്ചു. ചടങ്ങിൽ പങ്കെടുത്താൽ വികസന സഹായങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് ആഫ്രിക്കൻ രാജ്യങ്ങളിലെ യു.എസ് അംബാസഡർമാർ മുന്നറിയിപ്പ് നൽകിയതായി രണ്ട് അറബ് നയതന്ത്രജ്ഞരെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. അഞ്ച് അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി മാർക്കോ റൂബിയോ വ്യക്തിപരമായി ഇക്കാര്യം സംസാരിച്ചതായും സൂചനയുണ്ട്.
യു.എസിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് കിഴക്കൻ യൂറോപ്പിൽ നിന്നുള്ള മൂന്ന് രാജ്യങ്ങൾ, അഞ്ച് ആഫ്രിക്കൻ രാജ്യങ്ങൾ, രണ്ട് പേർഷ്യൻ ഗൾഫ് അറബ് രാജ്യങ്ങൾ, രണ്ട് പ്രമുഖ കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ 13 രാജ്യങ്ങളാണ് ചടങ്ങിൽ നിന്ന് പിന്മാറിയത്. ചില രാജ്യങ്ങൾ യു.എൻ ആസ്ഥാനങ്ങൾ വഴി തങ്ങളുടെ അസൗകര്യങ്ങൾ ഇറാനെ അറിയിച്ചപ്പോൾ, മറ്റു ചില രാജ്യങ്ങൾ താഴ്ന്ന റാങ്കിലുള്ള പ്രതിനിധികളെ അയക്കാൻ ശ്രമിച്ചെങ്കിലും ഇറാന്റെ ഔദ്യോഗിക വൃത്തങ്ങൾ അത് സ്വീകരിക്കാൻ തയ്യാറായില്ല. നിലവിൽ വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഖമേനിയുടെ വിടവാങ്ങൽ ചടങ്ങുകൾ ഇറാനിൽ പുരോഗമിക്കുന്നത്.
Story Summary
The United States reportedly launched a diplomatic campaign led by Secretary of State Marco Rubio to discourage foreign nations from attending the funeral ceremonies of Iran’s former Supreme Leader Ayatollah Ali Khamenei. According to Iranian media, US pressure led at least 13 countries from Europe, Africa, and Asia to either withdraw or scale down their participation after warnings regarding bilateral ties and aid cuts.

