കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ (AMMA Ad-hoc Committee Stay Ernakulam Court) ആഭ്യന്തര തർക്കങ്ങൾ പുതിയ നിയമപോരാട്ടത്തിലേക്ക്. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച താല്കാലിക അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എറണാകുളം മുൻസിഫ് കോടതി താല്കാലിക വിലക്കേർപ്പെടുത്തി. അഡ്ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെ ചോദ്യം ചെയ്ത് നടി ശ്വേത മേനോൻ ഇന്ന് ഉച്ചയ്ക്ക് ശേഷം സമർപ്പിച്ച അടിയന്തിര ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതുവരെ നിലവിൽ ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് തന്നെ സംഘടനയുടെ ഔദ്യോഗിക പ്രവർത്തനം തുടരാമെന്നും കോടതി വ്യക്തമാമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ‘അമ്മ’ സംഘടനയ്ക്കുള്ളിൽ പുകയുന്ന കടുത്ത ഭിന്നതകളും തർക്കങ്ങളും പൊതുസമൂഹത്തിൽ വലിയ ചർച്ചയായിരുന്നു. ജൂൺ 21-ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ ശ്വേത മേനോൻ പ്രസിഡന്റായ ഭരണസമിതി ഒന്നടങ്കം രാജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയെ നയിക്കാൻ രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നത്. എന്നാൽ, ഇന്നലെ കൊച്ചിയിൽ കൂടിയ അഡ്ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷം, ശ്വേത മേനോൻ അടക്കമുള്ള മുൻ ഭാരവാഹികൾ അമ്മയ്ക്ക് ഔദ്യോഗികമായി രേഖാമൂലം രാജിക്കത്ത് നൽകിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും കെ.ബി. ഗണേഷ് കുമാറും വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് കടുത്ത നിയമനടപടികളിലേക്ക് ശ്വേത മേനോൻ കടന്നത്. അമ്മയുടെ നിലവിലുള്ള ബൈലോ (Bylaw) പ്രകാരം ഭരണസമിതി രാജിവെച്ചാൽ പോലും അടുത്ത പൊതുതിരഞ്ഞെടുപ്പ് നടന്ന് പുതിയ ആളുകൾ വരുന്നത് വരെ ആ കമ്മിറ്റിക്ക് തന്നെയാണ് സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് യാതൊരുവിധ നിയമസാധുതയുമില്ലെന്നും ശ്വേത വാദിച്ചു.
“മുൻപ് ലാലേട്ടന്റെ (മോഹൻലാൽ) കമ്മിറ്റി രാജിവെച്ചപ്പോൾ സംഘടന സ്വീകരിച്ചത് ഇതേ നിലപാടായിരുന്നു. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിയോട് മാത്രം ഈ ഇരട്ടത്താപ്പ് കാണിക്കുന്നത്? ചില നിക്ഷിപ്ത താല്പര്യക്കാർ ഞങ്ങൾക്ക് മാത്രം വേറെ നിയമം അനുശാസിക്കുന്നത് എന്തുകൊണ്ടാണ്? അമ്മയുടെ ബൈലോ പ്രകാരം നിയമപരമായി ഒരു കമ്മിറ്റിയേ നിലനിൽക്കാൻ പാടുള്ളൂ. അത് ഞങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണ്. അടുത്ത ജനറൽ ബോഡിയുടെ തീരുമാന പ്രകാരം പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കും വരെ അത് തുടരും. അതിനാൽ സ്വയം അഡ്ഹോക്ക് കമ്മിറ്റിയെന്ന് പ്രഖ്യാപിച്ചെത്തിയവർക്ക് നിയമസാധുതയില്ല,” എന്ന് ശ്വേത സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഈ വാദങ്ങൾ പൂർണ്ണമായി അംഗീകരിച്ചാണ് കോടതി ഇപ്പോൾ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിച്ചിരിക്കുന്നത്.
Story Summary: The Ernakulam Munsiff Court has issued a temporary stay on the operations of AMMA’s newly formed ad-hoc committee led by Ramesh Pisharody. The court order, following a petition filed by actress and AMMA President Shwetha Menon, also allowed her existing executive committee to continue governing the association until the next official elections. Shwetha argued that according to AMMA’s bylaw, the resigned committee holds interim charge until the next general body elects a new team, calling the ad-hoc committee illegal.

