തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA NSK Trophy T20 Ernakulam Champions) ഒരിടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച പ്രശസ്തമായ എൻഎസ്കെ (NSK) ട്രോഫി സംസ്ഥാന അന്തർ ജില്ലാ ട്വന്റി 20 ടൂർണ്ണമെന്റിൽ എറണാകുളം ജില്ലയ്ക്ക് കിരീടം. തിരുവനന്തപുരം മംഗലപുരം കെസിഎ സ്റ്റേഡിത്തിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ തിരുവനന്തപുരത്തെ അഞ്ച് വിക്കറ്റിന് തകർത്താണ് എറണാകുളം ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത തിരുവനന്തപുരം നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എറണാകുളം നാല് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന തിരുവനന്തപുരത്തിന് തുടക്കത്തിൽ കനത്ത തകർച്ചയാണ് നേരിടേണ്ടി വന്നത്. സ്കോർ ബോർഡിൽ വെറും 33 റൺസ് എത്തുന്നതിനിടെ മുൻനിരയിലെ അഞ്ച് പ്രധാന വിക്കറ്റുകൾ തിരുവനന്തപുരത്തിന് നഷ്ടമായി. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഷോൺ റോജറും ബിജു നാരായണനും ചേർന്ന് 48 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ കരകയറ്റി. ബിജു നാരായണൻ 23 റൺസെടുത്ത് പുറത്തായെങ്കിലും, പിന്നീട് ക്രീസിലെത്തിയ കൃഷ്ണദേവും ഷോണും ചേർന്ന് എറണാകുളം ബൗളർമാരെ അനായാസം നേരിട്ടു. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ അതിവേഗം 61 റൺസ് അടിച്ചുകൂട്ടിയതോടെയാണ് തിരുവനന്തപുരം സ്കോർ 144ൽ എത്തിയത്. കൃഷ്ണദേവ് 16 പന്തിൽ 33 റൺസെടുത്തപ്പോൾ, 41 പന്തിൽ 55 റൺസുമായി ഷോൺ റോജർ പുറത്താകാതെ നിന്നു. എറണാകുളത്തിന് വേണ്ടി വി. അജിത് നാലും ആസിഫ് സലാം രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എറണാകുളത്തിനും തുടക്കം പാളിയിരുന്നു. കെ.ആർ. രോഹിത്, സഞ്ജയ് രാജ് എന്നിവർ തുടക്കത്തിലേ പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന വിപുൽ ശക്തിയും ഗോവിന്ദ് ദേവ് പൈയും ചേർന്ന് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇരുവരും ചേർന്ന് പടുത്തുയർത്തിയ 92 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് എറണാകുളത്തിന്റെ വിജയത്തിന് അടിത്തറയിട്ടത്. 49 പന്തുകളിൽ നിന്ന് 6 ഫോറും 2 സിക്സുമടക്കം 59 റൺസെടുത്ത വിപുൽ ശക്തി പുറത്തായെങ്കിലും, മറുഭാഗത്ത് ഉറച്ചുനിന്ന ഗോവിന്ദ് ദേവ് പൈ 19.2 ഓവറിൽ ടീമിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. ഗോവിന്ദ് 44 പന്തുകളിൽ നിന്ന് 5 സിക്സറുകളുടെ അകമ്പടിയോടെ 56 റൺസുമായി പുറത്താകാതെ നിന്നു. തിരുവനന്തപുരത്തിന് വേണ്ടി വിജയ് എസ്. വിശ്വനാഥ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ടൂർണമെന്റിലുടനീളം ബാറ്റിങ്ങിലും ഫീൽഡിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത എറണാകുളത്തിന്റെ വിപുൽ ശക്തിയെ ടൂർണമെന്റിലെ താരമായി (Player of the Tournament) തിരഞ്ഞെടുത്തു. ആലപ്പുഴയുടെ പ്രമുഖ താരം മുഹമ്മദ് അസറുദ്ദീനാണ് മികച്ച ബാറ്റർ. കോട്ടയത്തിന്റെ അഭിജിത്ത് പ്രവീൺ മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലിൽ തിരുവനന്തപുരത്തിന്റെ മുൻനിരയെ തകർത്ത എറണാകുളത്തിന്റെ വി. അജിത് ആണ് ഫൈനലിലെ താരം (Player of the Match). വിജയത്തോടെ എൻഎസ്കെ ട്രോഫി കിരീടത്തിൽ എറണാകുളം തങ്ങളുടെ മുദ്ര പതിപ്പിച്ചു.
Story Summary:
Ernakulam district emerged champions of the NSK Trophy Twenty20 tournament organized by the Kerala Cricket Association, defeating Thiruvananthapuram by five wickets in the final. Batting first, Thiruvananthapuram recovered from 33/5 to post 144/7, thanks to Shaun Roger’s unbeaten 55. In reply, Ernakulam chased down the target in 19.2 overs, powered by a 92-run partnership between Vipul Shakthi (59) and Govind Dev Pai (56*). Vipul Shakthi was named player of the tournament, while V. Ajith won the player of the match award.

