തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത മേഖലയിൽ സുതാര്യതയും മികച്ച സേവനവും ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സിയിലും മോട്ടോർ വാഹന വകുപ്പിലും വിപുലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. ഗതാഗത മന്ത്രി സി.പി. ജോൺ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.(KSRTC Digitalization And Modernization Projects Announced)
ഗതാഗത സംവിധാനങ്ങളെ പൂർണ്ണമായും ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് അധിഷ്ഠിത ഇലക്ട്രോണിക് ടിക്കറ്റിങ് സംവിധാനം നിലവിൽ വന്നു. യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ്, വാലറ്റുകൾ, ചലോ പേ തുടങ്ങിയ വിവിധ മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാം. ബസുകളുടെ തത്സമയ വിവരങ്ങൾ അറിയാനും ടിക്കറ്റുകളും പാസുകളും വാങ്ങാനും യാത്ര ആസൂത്രണം ചെയ്യാനും ചലോ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം.
ബസുകളിൽ ക്യാമറകളും ലൈവ് ട്രാക്കിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രീകൃത കൺട്രോൾ റൂമും സജ്ജമാണ്. സ്മാർട്ട് കൺസഷൻ കാർഡ്, ജീവനക്കാർക്കായി ഹാജർ സംവിധാനം എന്നിവയും നടപ്പാക്കി കഴിഞ്ഞു. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമായി വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നത്. ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായി 3125 ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ലഭ്യമാണ്.
തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് ‘ടേക്ക് എ ബ്രേക്ക്’ പദ്ധതികൾ നടപ്പിലാക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, അങ്കമാലി യൂണിറ്റുകളിൽ വനിതകൾക്കായി ശീതീകരിച്ച വിശ്രമമുറികൾ ഒരുക്കി. കോർപറേഷന്റെ വരുമാനം വർധിപ്പിക്കുന്നതിനായി ബസ് ബ്രാൻഡിങ്ങിന് പുതിയ സംവിധാനം ഏർപ്പെടുത്തി. സാധാരണക്കാർക്ക് പോലും ബസുകളിൽ പരസ്യം നൽകാൻ സാധിക്കുന്ന ‘റോളിങ് ആഡ്സ്’ എന്ന മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തനമാരംഭിച്ചു. നിലവിൽ ബി.എസ് 6 ബസുകളുടെ എണ്ണം 650 ആയും ഇലക്ട്രിക് ബസുകളുടെ എണ്ണം 167 ആയും ഉയർത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ നഗരങ്ങളിൽ കൂടുതൽ ഓർഡിനറി സർവീസുകൾ ആരംഭിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.
Story Summary
Transport Minister C.P. John announced comprehensive modernization and digitization efforts for KSRTC, including the implementation of digital ticketing, live vehicle tracking, and enhanced safety systems. The initiative also focuses on women-friendly projects, such as the Priyadarshini free travel scheme and improved rest facilities at major units.

