കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്നതിനായി ഓഗസ്റ്റ് മാസത്തിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. ജൂലൈ രണ്ടിന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ബില്ലിന് തത്വത്തിൽ അംഗീകാരം നൽകുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.(West Bengal Government To Introduce Uniform Civil Code Bill)
സംസ്ഥാനത്തെ കുടുംബ നിയമങ്ങൾ സമഗ്രമായി പഠിക്കുന്നതിനായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. വിവാഹം, സ്വത്തവകാശം എന്നിവയ്ക്ക് പുറമെ ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ചും ഈ സമിതി പഠനം നടത്തും. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. സമിതിയിൽ റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ, നിയമവിദഗ്ധൻ, വിദ്യാഭ്യാസ വിദഗ്ധൻ, സാമൂഹിക പ്രവർത്തകൻ എന്നിവരുണ്ടാകും.
ഏകീകൃത സിവിൽ കോഡിന്റെ പരിധിയിൽ നിന്ന് ആദിവാസികളെയും മറ്റ് പുരാതന ഗോത്രവർഗങ്ങളെയും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ കുടുംബ നിയമങ്ങളെ ഈ നിയമം ബാധിച്ചേക്കാം. ഗുജറാത്ത്, അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ മാതൃകകൾ പരിശോധിച്ച ശേഷമാകും ബംഗാളിൽ അന്തിമരൂപം നൽകുക. നിയമസഭയിൽ സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ശക്തമായ പ്രതിഷേധം ഉയർത്തി.
Story Summary
West Bengal Chief Minister Suvendu Adhikari has announced that the state will introduce a Uniform Civil Code (UCC) Bill in the Assembly this August. A committee headed by retired Supreme Court Justice Ranjana Prakash Desai has been tasked with studying family laws, though indigenous tribal communities will be exempt from the proposed legislation.

