ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബെംഗളൂരുവിന്റെ ആദ്യത്തെ ടണൽ റോഡ് പദ്ധതിക്ക് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തറക്കല്ലിട്ടു. ഹെബ്ബാൽ ജംഗ്ഷനും മെഖ്രി സർക്കിളിനും ഇടയിലുള്ള ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 1,139 കോടി രൂപ ചെലവിൽ നിർമിക്കുന്ന 2.2 കിലോമീറ്റർ ദൈർഘ്യമുള്ള സിക്സ്-ലെയ്ൻ ടണൽ 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ടണലിനുള്ളിൽ മണിക്കൂറിൽ 60 കിലോമീറ്ററാണ് പരമാവധി വേഗത; ടോൾ രഹിതമായിരിക്കും ഈ പാതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.(Bengaluru first tunnel road project foundation stone laid by DK Shivakumar)
ഗതാഗത വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വ്യാപകമായ എതിർപ്പുകൾ ഉയരുന്നതിനിടയിലാണ് കോൺഗ്രസ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ടണൽ റോഡുകൾ കൊണ്ട് നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാവില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ബെല്ലാരി റോഡ്-ഹെബ്ബാൽ ജംഗ്ഷനിൽ തുടങ്ങി വെറ്ററിനറി കോളേജ് ക്യാമ്പസിന് അടിയിലൂടെ കടന്ന് അഗ്രികൾച്ചറൽ സയൻസ് യൂണിവേഴ്സിറ്റിക്ക് സമീപം അവസാനിക്കുന്ന രീതിയിലാണ് ടണൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് സിഗ്നൽ-ഫ്രീ യാത്രാ സൗകര്യമൊരുക്കും. ‘കട്ട്-ആൻഡ്-കവർ’ (cut-and-cover) രീതിയിലാണ് നിർമാണം. ബംഗളൂരു വികസന അതോറിറ്റി ആണ് പദ്ധതിക്ക് പണം മുടക്കുന്നത്.
ഭാവിയിൽ ഹെബ്ബാലിനെയും സിൽക്ക് ബോർഡിനെയും ബന്ധിപ്പിക്കുന്ന വടക്ക്-തെക്ക് ടണൽ പാതയും പരിഗണനയിലുണ്ടെന്നും, അത് മൂന്നോ നാലോ വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷ വിമർശനങ്ങളെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, നിലവിൽ പദ്ധതിയെ അനാവശ്യമായി എതിർക്കുകയാണെന്നും കുറ്റപ്പെടുത്തി. ആരോഗ്യകരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നതായും എന്നാൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Karnataka CM DK Shivakumar has laid the foundation stone for Bengaluru’s first 2.2 km tunnel road project at Hebbal, aimed at easing traffic flow toward the airport. Despite criticism from mobility experts regarding the project’s effectiveness, the government is moving forward with the Rs 1,139 crore initiative, promising completion within 18 months.

