ഹൈദരാബാദ്: പുനെയിൽ കേതൻ അഗർവാൾ എന്ന യുവാവിനെ പ്രതിശ്രുത വധു സിയ ഗോയൽ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തിയ സംഭവം രാജ്യവ്യാപകമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് (Rahul Ravindran The Girlfriend Controversy). ഈ കൊലപാതകത്തെ രശ്മിക മന്ദാന നായികയാകുന്ന ‘ദി ഗേൾഫ്രണ്ട്’ എന്ന സിനിമയുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്കെതിരെ സംവിധായകൻ രാഹുൽ രവീന്ദ്രൻ രംഗത്തെത്തി. പുരുഷന്മാർക്കെതിരെ സ്ത്രീകൾ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് ഒരു സിനിമ ചെയ്യുമോ എന്നായിരുന്നു ഒരു ഉപയോക്താവിന്റെ ചോദ്യം.
ഇതിനെതിരെ വലിയൊരു കുറിപ്പിലൂടെയാണ് രാഹുൽ രവീന്ദ്രൻ മറുപടി നൽകിയത്. താൻ സ്ത്രീകളുടെ അതിക്രമങ്ങളായി ഇതിനെ കാണുന്നില്ലെന്നും, മറിച്ച് ചില സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സാമൂഹികവിരുദ്ധമായ കുറ്റകൃത്യങ്ങളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി സ്ത്രീകൾ അനുഭവിക്കുന്ന അടിച്ചമർത്തലുകളും, ദൈനംദിന ജീവിതത്തിലെ അവരുടെ ബുദ്ധിമുട്ടുകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് താൻ ഈ സിനിമയിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേതൻ അഗർവാൾ കൊലപാതകത്തെക്കുറിച്ച് താൻ പൂർണ്ണമായി അറിഞ്ഞിട്ടില്ലെന്നും, എന്നാൽ തനിക്ക് താൽപ്പര്യമുള്ള ഒരു കഥയാണെങ്കിൽ തീർച്ചയായും സിനിമയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ അത് ‘സ്ത്രീകൾ പുരുഷന്മാർക്കെതിരെ ചെയ്യുന്ന കുറ്റകൃത്യം’ എന്ന തലത്തിലായിരിക്കില്ല. ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യത്തെ മാത്രമേ അങ്ങനെ കാണാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയിലെ നായകൻ വിക്രമിനെ ക്രൂരനായ ഒരാളായി ചിത്രീകരിക്കാത്തത് തന്റെ ബോധപൂർവ്വമായ തീരുമാനമായിരുന്നുവെന്നും രാഹുൽ രവീന്ദ്രൻ വിശദീകരിച്ചു.
അതേസമയം, കേതൻ അഗർവാൾ കൊലക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. മെയ് 31-ന് സിയയും കേതനും ലൊഹാഗഡ് കോട്ട സന്ദർശിച്ചിരുന്നു. ജൂൺ 4-ന് വീണ്ടും സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും കേതന്റെ അമ്മ തടഞ്ഞു. തുടർന്ന് ജൂൺ 14-ന് സിയ വീണ്ടും ഇയാളെ കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവെച്ച് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തു. അന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെങ്കിലും, ജൂൺ 18-ന് സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതനെ കൊലപ്പെടുത്തുകയായിരുന്നു.
Summary: Director Rahul Ravindran has responded to social media trolls who linked his film ‘The Girlfriend,’ starring Rashmika Mandanna, to the murder of Ketan Agarwal by his fiancee Siya Goyal. Addressing a user’s demand to make a film on “atrocities of women on men,” Ravindran stated that he views such crimes as acts of sociopathic individuals rather than a systemic trend of women committing crimes against men.

