ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ പുതിയ ഏഷ്യൻ റെക്കോർഡ് സ്ഥാപിച്ച് ജപ്പാൻ താരം യുട്ടോ നാഗാട്ടോമോ (Yuto Nagatomo). 2026 ലോകകപ്പിൽ സ്വീഡനെതിരായ ഗ്രൂപ്പ് എഫ് മത്സരത്തിൽ കളത്തിലിറങ്ങിയതോടെയാണ് അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന ബഹുമതി 39-കാരനായ ഈ പ്രതിരോധ താരം സ്വന്തമാക്കിയത്. 2010 ദക്ഷിണാഫ്രിക്ക, 2014 ബ്രസീൽ, 2018 റഷ്യ, 2022 ഖത്തർ, 2026 കാനഡ-മെക്സിക്കോ-യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ ലോകകപ്പുകളിലാണ് നാഗാട്ടോമോ ജപ്പാനായി ബൂട്ടണിഞ്ഞത്. ഈ നേട്ടത്തോടെ അഞ്ച് തവണ ലോകകപ്പിൽ കളിച്ച ഫുട്ബോൾ ഇതിഹാസങ്ങളുടെ എലൈറ്റ് പട്ടികയിലും നാഗാട്ടോമോ ഇടംപിടിച്ചു.
അതേസമയം, സ്വീഡനെതിരായ മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞെങ്കിലും, ഇരുടീമുകളും ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടായ റൗണ്ട് ഓഫ് 32-ലേക്ക് പ്രവേശനം നേടി. 56-ാം മിനിറ്റിൽ ഡൈസൻ മെയ്ദയിലൂടെ ജപ്പാനാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ 62-ാം മിനിറ്റിൽ ആന്റണി എലങ്കയിലൂടെ സ്വീഡൻ സമനില പിടിക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെയാണ് ജപ്പാൻ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറുന്നത്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്ക മോഡ്രിച്ച്, ലൂയിസ് സുവാരസ്, മാനുവൽ നോയർ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പമാണ് ഇപ്പോൾ നാഗാട്ടോമോ ഈ അപൂർവ നേട്ടത്തിൽ പങ്കാളിയായിരിക്കുന്നത്.
Summary: Japan’s Yuto Nagatomo has etched his name in football history by becoming the first Asian player to feature in five FIFA World Cups. The 39-year-old achieved this feat during Japan’s 1-1 draw against Sweden in the 2026 tournament. Nagatomo, who has represented Japan in every World Cup since 2010, joins an elite group of international football legends who have played in five or more editions. Following the result, both Japan and Sweden have secured their spots in the tournament’s Round of 32.

