തിരുവനന്തപുരം: വൃക്കയിൽ ട്യൂമർ കണ്ടെത്തിയ 51 വയസ്സുള്ള മാലദ്വീപ് സ്വദേശിക്ക് അത്യാധുനിക ‘ക്രയോഅബ്ലേഷൻ’ ചികിത്സാരീതിയിലൂടെ വിജയകരമായ ചികിത്സ നൽകി തിരുവനന്തപുരം കിംസ്ഹെൽത്ത് (KIMSHEALTH). ശീതീകരണ സാങ്കേതികവിദ്യ ഉപയോഗിച്ച് ട്യൂമർ കോശങ്ങളെ നശിപ്പിക്കുന്ന ‘ഫ്രീസ് ടെക്നോളജി’ അധിഷ്ഠിത മിനിമലി ഇൻവേസീവ് ചികിത്സയാണ് രോഗിക്ക് നടത്തിയത്.
കടുത്ത വയറുവേദനയെ തുടർന്ന് നടത്തിയ സിടി സ്‌കാൻ പരിശോധനയിലാണ് രോഗിയുടെ വലത് വൃക്കയിൽ രണ്ട് സെന്റീമീറ്റർ വലിപ്പമുള്ള ട്യൂമർ കണ്ടെത്തിയത്. തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ കിംസ്ഹെൽത്തിലേക്ക് റഫർ ചെയ്യുകയായിരുന്നു.
സാധാരണയായി ഇത്തരത്തിലുള്ള ട്യൂമറുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതാണ് പതിവ്. എന്നാൽ ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ശസ്ത്രക്രിയ രോഗിക്ക് കൂടുതൽ അപകടസാധ്യത സൃഷ്ടിക്കാമെന്ന് ഡോക്ടർമാർ വിലയിരുത്തി. ഇതിനെ തുടർന്നാണ് ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മനീഷ് കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം ക്രയോഅബ്ലേഷൻ ചികിത്സ നിർദേശിച്ചത്.
ഇമേജിംഗ് സംവിധാനങ്ങളുടെ സഹായത്തോടെ പ്രത്യേക സൂചികൾ ട്യൂമറിലേക്ക് കൃത്യമായി പ്രവേശിപ്പിച്ച ശേഷം അവയിലൂടെ ആർഗൺ വാതകം കടത്തിവിട്ട് ട്യൂമറിന്റെ താപനില പൂജ്യത്തേക്കാൾ താഴെയാക്കി. ഇതുവഴി ട്യൂമറിന് ചുറ്റും ‘ഐസ് ബോൾ’ രൂപപ്പെടുകയും സമീപത്തുള്ള ആരോഗ്യകരമായ കോശങ്ങളെ ബാധിക്കാതെ ട്യൂമർ കോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു.
വൃക്കയുടെ പ്രവർത്തനം സംരക്ഷിച്ചുകൊണ്ട് ട്യൂമർ ഇല്ലാതാക്കാൻ ഈ ചികിത്സാരീതിയിലൂടെ സാധിച്ചതായി ഡോ. മനീഷ് കുമാർ യാദവ് പറഞ്ഞു. രോഗിക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും ആശുപത്രി വാസം കുറയ്ക്കാനും ഈ സാങ്കേതികവിദ്യ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷം രോഗിയുടെ ആരോഗ്യനില വേഗത്തിൽ മെച്ചപ്പെട്ടു. മൂന്ന് ദിവസത്തെ ആശുപത്രി നിരീക്ഷണത്തിന് ശേഷം അദ്ദേഹം ആരോഗ്യവാനായി മടങ്ങിയതായും ആശുപത്രി അധികൃതർ അറിയിച്ചു.
ചികിത്സാ സംഘത്തിൽ ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സന്തോഷ് ജോസഫും ന്യൂറോ അനസ്തേഷ്യ വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ശരത് സുരേന്ദ്രനും പങ്കാളികളായിരുന്നു.
Story Summary: KIMSHEALTH Thiruvananthapuram successfully treated a kidney tumor in a 51-year-old Maldivian patient using advanced cryoablation technology. The minimally invasive procedure destroyed the tumor without surgery, allowing the patient to recover quickly and return home within three days.

