മലപ്പുറം: വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ മുണ്ടുമുഴി ചിറ്റാരി കുന്നുമ്മലിൽ പ്രവർത്തിച്ചിരുന്ന ഭക്ഷ്യ ഉൽപാദന സ്ഥാപനം ആരോഗ്യ-ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് അധികൃതർ അടപ്പിച്ചു (Malappuram Food Safety). എസ്.എസ്. ഫുഡ് പ്രോഡക്റ്റ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്.
വാഴക്കാട് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് നിരവധി ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. ആവശ്യമായ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും ജീവനക്കാർക്ക് നിർബന്ധമായ ഹെൽത്ത് കാർഡുകൾ ഇല്ലായിരുന്നുവെന്നും പരിശോധനയിൽ വ്യക്തമായി.
കടകളിൽ നിന്ന് തിരിച്ചെടുത്ത കാലാവധി കഴിഞ്ഞതോ കേടായതോ ആയ ഭക്ഷ്യവസ്തുക്കൾ വീണ്ടും സംസ്കരിച്ച് വിപണിയിലെത്തിക്കുന്നതായി പരിശോധനാ സംഘം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ചില ഭക്ഷ്യവസ്തുക്കൾ വീണ്ടും ചൂടാക്കി പുനഃപാക്ക് ചെയ്ത് വിൽപ്പനയ്ക്കായി തയ്യാറാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
View this post on Instagram
സ്ഥാപനത്തിനകത്തും പരിസരത്തും ശുചിത്വം തീർത്തും അപര്യാപ്തമായിരുന്നുവെന്നും ഭക്ഷ്യ ഉൽപാദനത്തിന് ആവശ്യമായ അടിസ്ഥാന ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യമാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി.
ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജീഷ്, ഹെൽത്ത് ഇൻസ്പെക്ടർ സയ്യിദ് അക്ബർ ബാദുഷ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർനടപടികളുടെ ഭാഗമായി സ്ഥാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Story Summary: A food processing unit in Vazhakkad, Malappuram, was shut down after officials found it operating without a license and violating health regulations. Authorities also alleged that spoiled food items were being reprocessed and reintroduced into the market.

