Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala
HomeKeralaവട്ടിയൂർക്കാവുകാർക്ക് പരാതികളും നിർദ്ദേശങ്ങളും അറിയിക്കാം; മന്ത്രി കെ. മുരളീധരന്റെ ക്യാമ്പ് ഓഫീസ്...

വട്ടിയൂർക്കാവുകാർക്ക് പരാതികളും നിർദ്ദേശങ്ങളും അറിയിക്കാം; മന്ത്രി കെ. മുരളീധരന്റെ ക്യാമ്പ് ഓഫീസ് ‘ലീഡർ ഭവൻ’ ശാസ്തമംഗലത്ത് തുറന്നു | K Muraleedharan Leader Bhavan

🎙️ Latest Podcast

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങളും പരാതികളും നിർദ്ദേശങ്ങളും നേരിട്ട് അറിയിക്കുന്നതിനായി മന്ത്രി കെ. മുരളീധരൻ ക്യാമ്പ് ഓഫീസ് ആരംഭിച്ചു (K Muraleedharan Leader Bhavan). ‘ലീഡർ ഭവൻ’ എന്ന് പേരിട്ടിരിക്കുന്ന ഓഫീസ് പ്രശസ്ത സാഹിത്യകാരനും കെ. മുരളീധരന്റെ മുൻ അധ്യാപകനുമായ ഡോ. ജോർജ്ജ് ഓണക്കൂർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തന്റെ പ്രിയ വിദ്യാർത്ഥിയുടെ ജനകീയമായ ഈ പുതിയ ചുവടുവെപ്പിൽ ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ശാസ്തമംഗലം – പൈപ്പിൻമൂട് റോഡിൽ പേരൂർക്കട സഹകരണ ബാങ്കിന് എതിർവശത്താണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. മണ്ഡലത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലേക്ക് നിരന്തരം കയറിയിറങ്ങേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ശാസ്തമംഗലത്ത് ഇങ്ങനെയൊരു ഓഫീസ് തുറന്നതെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.

ക്യാമ്പ് ഓഫീസിൽ ലഭിക്കുന്ന ജനങ്ങളുടെ അപേക്ഷകൾ ഉദ്യോഗസ്ഥർ മുഖേന ബന്ധപ്പെട്ട വകുപ്പുകളിലും മന്ത്രിമാരിലും എത്തിച്ച് സമയബന്ധിതമായി പരിഹാരം കാണാനുള്ള പ്രത്യേക ക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മണ്ഡലവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല യോഗങ്ങളും ഇനി മുതൽ ലീഡർ ഭവനിൽ വെച്ച് നടക്കും.

പ്രവർത്തന സമയം:
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെയായിരിക്കും ഓഫീസ് പ്രവർത്തിക്കുക. പൊതുജനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്കായി ദിവസേന ഉച്ചയ്ക്ക് 1 മണി മുതൽ 2 മണി വരെ കെ. മുരളീധരനെ നേരിട്ട് കണ്ട് സംസാരിക്കാവുന്നതാണ്. എന്നാൽ നിയമസഭാ സമ്മേളനങ്ങൾ, മറ്റ് ഔദ്യോഗിക യാത്രകൾ എന്നിവയുള്ള ദിവസങ്ങളിൽ ഈ സമയക്രമത്തിൽ മാറ്റമുണ്ടായിരിക്കും. യു.ഡി.എഫ്, കോൺഗ്രസ് നേതാക്കളും നിരവധി തദ്ദേശവാസികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Story Summary:
Senior Congress leader K. Muraleedharan has opened a new camp office named ‘Leader Bhavan’ at Sasthamangalam for the residents of Vattiyoorkavu constituency. The office, inaugurated by writer Dr. George Onakkoor, aims to resolve public grievances efficiently without the need for constituents to visit the Secretariat.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.