ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ നാറ്റോ സഖ്യകക്ഷികളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Criticize NATO). വൈറ്റ് ഹൗസിൽ നാറ്റോ മേധാവി മാർക്ക് റൂട്ടെയുമായുള്ള കൂടിക്കാഴ്ചയിലാണ് യൂറോപ്യൻ രാജ്യങ്ങളുടെ ‘അനാസ്ഥ’ക്കെതിരെ ട്രംപ് ആഞ്ഞടിച്ചത്. ഇറാനെതിരായ യുദ്ധത്തിൽ തങ്ങൾക്ക് ആരുടെയും സഹായം ആവശ്യമില്ലായിരുന്നുവെന്നും, ആദ്യ ആഴ്ചയിൽ തന്നെ തങ്ങൾ അവരെ തകർത്തിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. എങ്കിലും, നാറ്റോ സഖ്യകക്ഷികളിൽ നിന്ന് ഒരു പിന്തുണയുടെ വാക്ക് പോലും കേൾക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ-യുഎസ് സംഘർഷം ആഗോള സമ്പദ്വ്യവസ്ഥയെ വലിയ രീതിയിൽ ബാധിച്ച പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമർശം. എന്നാൽ, യുഎസ് നടപടികളെ പിന്തുണച്ച മാർക്ക് റൂട്ട്, യുദ്ധസമയത്ത് യൂറോപ്പിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചതിലൂടെ യൂറോപ്യൻ സഖ്യകക്ഷികൾ വലിയ പിന്തുണയാണ് നൽകിയതെന്ന് വാദിച്ചു. യുദ്ധം നടന്ന ആറാഴ്ചയ്ക്കുള്ളിൽ നാലായിരത്തോളം യുഎസ് വിമാനങ്ങൾ യൂറോപ്പിലെ താവളങ്ങളിൽ നിന്നാണ് പറന്നുയർന്നതെന്ന് റൂട്ട് ചൂണ്ടിക്കാട്ടി. ജൂലൈ 7-ന് അങ്കാറയിൽ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി റൂട്ടെയുടെ ഈ സന്ദർശനം സഖ്യകക്ഷികൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.
Summary: US President Donald Trump has criticized NATO allies for their perceived lack of support during the recent US-Israel war against Iran, reiterating his disappointment during a meeting with NATO Secretary-General Mark Rutte. While Trump expressed frustration over the lack of direct participation from European nations, Rutte defended the alliance, highlighting the critical role of European military bases in facilitating US operations.

