Sunday, February 8, 2026
HomeNationalCJ റോയിയുടെ മരണം: പാർലമെൻ്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി...

CJ റോയിയുടെ മരണം: പാർലമെൻ്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ MP | CJ Roy’s death

ന്യൂഡൽഹി: പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി.ജെ. റോയിയുടെ മരണം പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം. സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.(CJ Roy’s death, Hibi Eden MP gives notice for Emergency motion in Parliament)

കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിരന്തരമായ പീഡനവും അനാവശ്യമായ സമ്മർദ്ദവുമാണ് സി.ജെ. റോയിയെപ്പോലുള്ള വ്യവസായികളെ ആത്മഹത്യയിലേക്ക് തള്ളവിടുന്നതെന്ന് അടിയന്തര പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ബിജെപി ഭരണകാലത്ത് രാജ്യത്തുടനീളം ഇത്തരത്തിൽ നിരവധി ബിസിനസുകാർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും, അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിന്റെ ഫലമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു.

റെയ്ഡിനിടെ പാലിക്കേണ്ട മാനദണ്ഡങ്ങൾ ലംഘിച്ചതായും, നിർബന്ധിത ചോദ്യം ചെയ്യലുകൾ നടന്നതായും ഹൈബി ഈഡൻ എം.പി ആരോപിച്ചു. സി.ജെ. റോയിയുടെ മരണം അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും കേസ് സിഐഡിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ഭരണഘടനാ കോടതിയിലെ ജഡ്ജിയായിരുന്ന വ്യക്തിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായതായി മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു. റെയ്ഡ് നടക്കുമ്പോൾ സ്വതന്ത്രരായ രണ്ട് സാക്ഷികൾ വേണമെന്ന നിയമപരമായ നിബന്ധന പാലിച്ചിട്ടില്ല. റെയ്ഡ് സമയത്ത് പാലിക്കേണ്ട കൃത്യമായ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ട്. നിയമപരമായ നടപടികൾ പാലിച്ചിട്ടുണ്ടെന്ന വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ടുകൾ മാത്രം പൊതുസമൂഹത്തിൽ വിശ്വാസ്യത ഉറപ്പാക്കാൻ പര്യാപ്തമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭവത്തിൽ സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭരണഘടനാ കോടതികളിൽ പ്രവർത്തിച്ച് പരിചയമുള്ള ഒരാളായിരിക്കണം കമ്മീഷൻ അധ്യക്ഷൻ. റെയ്ഡിനിടെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ മാനസിക സമ്മർദ്ദത്തെക്കുറിച്ചും അന്വേഷിക്കണം.

സി.ജെ. റോയിയുടെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കി കർണാടക പോലീസ്. ആദായനികുതി വകുപ്പിന്റെ റെയ്ഡിനെത്തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന സൂചനകൾക്കിടെ, ഒമ്പത് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സംഭവത്തിൽ ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടാണ് റോയിയുടെ കുറിപ്പ് ആരംഭിക്കുന്നത്. താൻ ഒരു ‘അറ്റകൈ പ്രയോഗത്തിന്’ മുതിരുകയാണെന്നും അതിന് ക്ഷമിക്കണമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. വ്യക്തികൾക്ക് നൽകാനുള്ള പണത്തെക്കുറിച്ചും ബിസിനസ് ഇടപാടുകളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ കുറിപ്പിലുണ്ട്. തന്റെ മരണശേഷം സ്ഥാപനം ആര് നയിക്കണമെന്നും വിശ്വസ്തരായ സഹപ്രവർത്തകരെ മാറ്റിനിർത്തരുതെന്നും റോയി നിർദ്ദേശിച്ചിട്ടുണ്ട്. കുറിപ്പിലെ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി റോയിയുടെ കുടുംബത്തിൻ്റെ മൊഴി ഉടൻ രേഖപ്പെടുത്തും.

അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കിയ എസ്‌ഐടി, ഐടി ഉദ്യോഗസ്ഥരോട് ബെംഗളൂരു വിട്ടുപോകരുതെന്ന് രേഖാമൂലം നിർദ്ദേശം നൽകി. റെയ്ഡ് നടന്ന സമയത്തെ നടപടിക്രമങ്ങളിൽ അപാകതയുണ്ടോ എന്ന് പോലീസ് വിശദമായി പരിശോധിക്കും. സി.ജെ. റോയിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം അദ്ദേഹത്തിന്റെ സഹോദരൻ സി.ജെ. ബാബു കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കി. സി.ജെ. റോയിയുടെ മകൻ രോഹിത്തും കേരളത്തിലെ ചുമതലയുള്ള ജോസഫും ചേർന്ന് ഇനി കോൺഫിഡന്റ് ഗ്രൂപ്പിനെ നയിക്കും. കമ്പനിയുടെ നിലവിലുള്ള എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകും. ഇന്നലെ വൈകിട്ട് നാലരയോടെ ബെംഗളൂരുവിലെ നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിലായിരുന്നു സംസ്കാരം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates