തമിഴ്നാട് തിരുവള്ളൂർ ജില്ലയിലെ പെരിയപാളയത്തിന് സമീപം മഞ്ചങ്കരണിയിലുള്ള ‘സെന്റ് പീറ്റേഴ്സ് പോൾ സീഫുഡ്സ് എക്സ്പോർട്സ്’ പ്രൈവറ്റ് ലിമിറ്റഡിലുണ്ടായ അമോണിയ വാതക ചോർച്ചയിൽ ഏഴ് തൊഴിലാളികൾ മരിച്ചു. ഫാക്ടറി വളപ്പിലെ താമസസ്ഥലത്ത് കഴിഞ്ഞിരുന്ന അസം, ഒഡീഷ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അവധി ദിവസമായതിനാൽ മിക്ക തൊഴിലാളികളും താമസസ്ഥലത്തുണ്ടായിരുന്നു. വാതകം ശ്വസിച്ചതിനെത്തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയും പലർക്കും മൂക്കിൽ നിന്നും വായിൽ നിന്നും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു.
അപകടത്തിൽപ്പെട്ട 67 പേരെ ഉടൻ തന്നെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. നിലവിൽ ഒമ്പത് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവർക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ ഗവൺമെന്റ് സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) കെമിക്കൽ-ബയോളജിക്കൽ വിഭാഗം സ്ഥലത്തെത്തി പരിശോധനയും സുരക്ഷാ നടപടികളും സ്വീകരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി വിജയ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. വ്യവസായ സുരക്ഷാ ഡയറക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി, പബ്ലിക് ഹെൽത്ത് അഡീഷണൽ ഡയറക്ടർ എന്നിവരടങ്ങുന്ന അന്വേഷണ സമിതി 24 മണിക്കൂറിനുള്ളിൽ ഇടക്കാല റിപ്പോർട്ടും മൂന്ന് ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കണം.
Summary: The death toll from the ammonia gas leak at St. Peter’s Paul Seafoods Exports in Tiruvallur, Tamil Nadu, has risen to seven, with nine others remaining in critical condition. The leak occurred on a weekly holiday at the factory premises, affecting migrant workers from Assam, Odisha, and Jharkhand residing within the campus. Chief Minister Vijay has ordered a high-level inquiry, with a specialized committee tasked to submit a report within three days.

