ന്യൂഡൽഹി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിനെതിരെ ‘ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്’ രംഗത്ത്. റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്നും അന്തിമ റിപ്പോർട്ട് പുറത്തുവിടും മുൻപ് വിപുലമായ സിമുലേറ്റർ പരിശോധനകൾ നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.(Ahmedabad Air India crash, FIP Challenges Ahmedabad Air India Crash Investigation Report)
എഞ്ചിൻ പരാജയപ്പെടുന്നതിന് മുൻപ് വിമാനത്തിൽ വലിയൊരു വൈദ്യുത തകരാർ ഉണ്ടായിരുന്നെന്നും, ഈ വിവരം അന്വേഷണ സംഘം ബോധപൂർവ്വം റിപ്പോർട്ടിൽ മറച്ചുവെച്ചെന്നും പൈലറ്റുമാർ ആരോപിക്കുന്നു. വാൽഭാഗത്തുള്ള ബ്ലാക്ക് ബോക്സ് കരിഞ്ഞ നിലയിൽ കണ്ടെത്തിയത് ഇതിന്റെ തെളിവാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
എഞ്ചിൻ ഓഫായി 4 സെക്കൻഡിനുള്ളിൽ ‘റാം എയർ ടർബൈൻ’ (RAT) പ്രവർത്തിച്ചു എന്ന റിപ്പോർട്ടിലെ സമയരേഖ സാങ്കേതികമായി അസാധ്യമാണെന്ന് പൈലറ്റുമാർ വാദിക്കുന്നു. ബോയിംഗ് 787 സിമുലേറ്ററിൽ നടത്തിയ പരീക്ഷണങ്ങളിൽ ഇത് പ്രവർത്തിക്കാൻ കുറഞ്ഞത് 18 സെക്കൻഡ് എടുക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കോക്പിറ്റിൽ ഉയർന്ന ഓഡിയോ അലേർട്ടുകളും കൺട്രോൾ മെസ്സേജുകളും കോക്പിറ്റ് വോയ്സ് റെക്കോർഡറിൽ ഉണ്ടായിട്ടും, പ്രാഥമിക റിപ്പോർട്ടിൽ ഇതിനെക്കുറിച്ച് പരാമർശമില്ല.
അപകടത്തിൽ പൈലറ്റുമാർ മരണപ്പെട്ടതിനാൽ തങ്ങളെ പ്രതിരോധിക്കാൻ ആളില്ലാത്ത സാഹചര്യം മുതലെടുത്ത്, അന്വേഷണം അവരിലേക്ക് മാത്രം ചുരുക്കി അവസാനിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്ന് എഫ്ഐപി പ്രസിഡന്റ് ക്യാപ്റ്റൻ സുരീന്ദർ രൺധാവ ആശങ്ക പ്രകടിപ്പിച്ചു.
Story Summary
The Federation of Indian Pilots (FIP) has challenged the AAIB’s preliminary report on the Ahmedabad Air India crash, alleging that critical electrical failures were overlooked. The organization has demanded a comprehensive simulator test, arguing that the investigation’s current timeline is technically impossible and fearing that the late pilots are being unfairly blamed.

