തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മുഖ്യമന്ത്രിയുടെ വാദം രാഷ്ട്രീയ പ്രേരിതമായ നുണയാണെന്നും, എൽഡിഎഫ് സർക്കാർ 6,000 കോടി രൂപ ട്രഷറിയിൽ ബാക്കി വെച്ചാണ് അധികാരം ഒഴിഞ്ഞതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(Pinarayi Vijayan Criticizes Kerala Budget 2026, says UDF Government Budget is Pro Corporate)
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അപകടത്തിലാണെന്ന വാദം രാഷ്ട്രീയ ആക്ഷേപം മാത്രമാണ്. മുൻ സർക്കാർ ആരംഭിച്ച പല ജനക്ഷേമ പദ്ധതികളുടെയും വിഹിതം ഈ ബജറ്റിൽ വെട്ടിക്കുറച്ചിരിക്കുന്നു. ഖനന മേഖലയും തീരദേശ വികസനവും സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനാണ് സർക്കാർ ശ്രമിക്കുന്നത്. വൻകിട കമ്പനികൾക്ക് മദ്യനിർമ്മാണത്തിന് അവസരമൊരുക്കാനാണ് പഴങ്ങളിൽ നിന്നുള്ള മദ്യോത്പാദനത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നവകേരള നിർമ്മാണത്തെ സർക്കാർ കൈവിട്ടു. കിഫ്ബിയുടെ പ്രവർത്തനങ്ങളെ തകിടം മറിക്കാനും ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കാനുമുള്ള നീക്കങ്ങളാണ് ബജറ്റിലുള്ളത്. നിലവിലുള്ള പല പദ്ധതികളുടെയും പേരുമാറ്റി പുതിയതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനുള്ള നീക്കം അതീവ ഗൗരവകരമാണ്. കാർഷിക മേഖലയിൽ കർഷകർക്ക് ആശ്വാസം നൽകുന്ന യാതൊരു നടപടിയും ബജറ്റിലില്ല.
കേന്ദ്ര സർക്കാരിന്റെ അതേ സാമ്പത്തിക നയമാണ് കേരളത്തിലും യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത്. ഇത് ഭാവി കേരളത്തിനായുള്ള ഒരു ബ്ലൂ പ്രിന്റും ഇല്ലാത്ത ബജറ്റാണെന്നും പിണറായി കുറ്റപ്പെടുത്തി. സർക്കാർ ജീവനക്കാർക്ക് നൽകുമെന്ന് പറഞ്ഞിരുന്ന ‘വിസ്മയങ്ങൾ’ ഒന്നും ബജറ്റിലില്ല. ആരോഗ്യ ഇൻഷുറൻസിനായി നീക്കിവെച്ച തുക പ്രഹസനം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
Story Summary
Leader of the Opposition Pinarayi Vijayan has launched a scathing attack on the UDF government’s first budget, labeling it a “pro-corporate” document that abandons the development goals of the previous LDF administration. He refuted the claims of a financial crisis, alleging that the government is dismantling key initiatives like KIIFB and Life Mission while opening up natural resources for private exploitation.

