Shiv Sena UBTലോക്സഭയിലെ ഒൻപത് എംപിമാരിൽ ആറുപേർ പാർട്ടി വിട്ട് പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ചതായാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച കത്ത് ഇവർ ലോക്സഭ സ്പീക്കർ ഓം ബിർളയ്ക്ക് കൈമാറി. ജൂൺ 19-ന് ശിവസേനയുടെ സ്ഥാപക ദിനത്തിൽ ഇവർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരുമെന്നാണ് സൂചന.(Shiv Sena UBT Facing Major Split As Six MPs Form Separate Group)
അർവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാസെ എന്നിവരൊഴികെയുള്ള ആറ് എംപിമാരാണ് പുതിയ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്പീക്കർക്ക് കത്ത് നൽകിയതോടെ ലോക്സഭയിൽ ഈ ഗ്രൂപ്പിനെ പ്രത്യേക വിഭാഗമായി അംഗീകരിച്ചതായാണ് വിവരം.
അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തെ തടയാൻ ഉദ്ധവ് താക്കറെ പക്ഷം രംഗത്തിറങ്ങിയിട്ടുണ്ട്. എംപിമാർക്കെതിരെ വിപ്പ് പുറപ്പെടുവിച്ച പാർട്ടി, വ്യാഴാഴ്ച ഡൽഹിയിൽ നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചു. ഉദ്ധവ് താക്കറെ തന്നെ നേരിട്ട് ഡൽഹിയിലെത്തി എംപിമാരുമായി സംസാരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വിട്ടുപോകാൻ സാധ്യതയുള്ള എംപിമാരുടെ അവകാശവാദങ്ങൾ തള്ളിക്കളയണമെന്നും, പ്രത്യേക ഗ്രൂപ്പായി അംഗീകാരം നൽകരുതെന്നും ആവശ്യപ്പെട്ട് അർവിന്ദ് സാവന്ത് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. “യഥാർത്ഥ ശിവസേന” ഏതാണെന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന കാര്യം സാവന്ത് കത്തിൽ എടുത്തുപറയുന്നു. നേരത്തെ, എംപിമാരെ സ്വാധീനിക്കാൻ പണം വാഗ്ദാനം ചെയ്തെന്ന ഗുരുതരമായ ആരോപണം സഞ്ജയ് റാവത്ത് ഉന്നയിച്ചിരുന്നു. മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തി അധികാരത്തിലേറിയ ഏക്നാഥ് ഷിൻഡെ വിഭാഗം, ഇപ്പോൾ പാർലമെന്റിലും സമാനമായ രീതിയിൽ പിടിമുറുക്കാൻ ശ്രമിക്കുന്നത് ഉദ്ധവ് പക്ഷത്തിന് വലിയ തിരിച്ചടിയാണ്.
Story Summary
Six out of nine Shiv Sena (UBT) Lok Sabha MPs have formed a separate group and submitted a letter to Speaker Om Birla, reportedly planning to join the Eknath Shinde-led Shiv Sena on the party’s foundation day. In response, the UBT faction has issued a whip for a parliamentary meeting and sought the Speaker’s intervention, arguing that the leadership dispute is currently sub judice before the Supreme Court.

