ന്യൂഡൽഹി: ഇന്ത്യയിൽ ടെലഗ്രാം ആപ്പ് നിരോധിക്കാനുള്ള നീക്കത്തിന് പിന്നിൽ റിലയൻസും വാട്‌സ്ആപ്പും ഉണ്ടെന്ന ആരോപണവുമായി ടെലഗ്രാം സിഇഒ പവൽ ദുറോവ്. ഇന്ത്യയ്ക്ക് പുറത്ത്, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ടെലഗ്രാമിനുള്ള പ്രവേശനം റിലയൻസ് ഗ്രൂപ്പ് അട്ടിമറിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു (Pavel Durov Reliance Allegations). ബിജിപി ഹൈജാക്കിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് റിലയൻസ് ഈ ഇടപെടലുകൾ നടത്തുന്നതെന്നും ദുറോവ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
മെറ്റയ്ക്ക് റിലയൻസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോയിൽ നിക്ഷേപമുള്ളത് ചൂണ്ടിക്കാട്ടിയാണ് ദുറോവിന്റെ വിമർശനം. എന്നാൽ, ദുറോവ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെയും റിലയൻസ് കമ്മ്യൂണിക്കേഷൻസിനെയും (RCom) മാറിപ്പോയതാണെന്ന് ടെലികോം വ്യവസായ രംഗത്തെ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജിയോയിൽ മെറ്റയ്ക്ക് ചെറിയൊരു ഓഹരി പങ്കാളിത്തം മാത്രമാണുള്ളതെന്നും, ജിയോയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ മെറ്റയ്ക്ക് പങ്കില്ലെന്നും ഇവർ വ്യക്തമാക്കി. ദുറോവിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യാജ വാർത്തയാണെന്നുമാണ് ഇവർ പറയുന്നത്.
നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി ജൂൺ 22 വരെ ടെലഗ്രാം ആപ്പ് പ്ലേ സ്റ്റോറുകളിൽ നിന്നും ആപ്പിൾ സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. കൂടാതെ, ജൂൺ 30 വരെ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഇന്ത്യയിൽ താൽക്കാലികമായി നിർത്തലാക്കാനും ടെലഗ്രാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ തടയുന്നതിനാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. ഈ വിഷയങ്ങളിൽ ഔദ്യോഗിക പ്രതികരണം നൽകാൻ ടെലഗ്രാം, റിലയൻസ്, മെറ്റ തുടങ്ങിയ കമ്പനികൾ തയ്യാറായിട്ടില്ല.
Summary: Telegram CEO Pavel Durov has alleged that Reliance Group and WhatsApp are lobbying to ban Telegram in India and are sabotaging the platform’s accessibility internationally using BGP hijacking. Industry sources have dismissed these claims as misinformation, clarifying that the technical issues involved relate to Reliance Communications, while Meta’s minority stake in Jio provides no influence over such operations.

