മലപ്പുറം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ ആശങ്കയുയർത്തി പടരുന്ന സാഹചര്യത്തിൽ മലപ്പുറം തിരൂരങ്ങാടിയിൽ ഇളനീർ പാർലർ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ നിർബന്ധപൂർവ്വം അടപ്പിച്ചു (Shigella outbreak Kerala). ഇവിടെ ഉപയോഗിച്ചിരുന്ന വെള്ളത്തിൽ മാരകമായ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര നടപടി. രണ്ടാഴ്ച മുൻപ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഈ കടയിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളിലാണ് ഇപ്പോൾ ബാക്ടീരിയ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം കോഴിക്കോട് ജില്ലയിൽ രണ്ട് പുതിയ ഷിഗെല്ല കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കുന്ദമംഗലത്ത് ഒരു വയസ്സുകാരനായ ആൺകുട്ടിക്കും പയ്യോളി തുറവൂരിൽ ഒൻപത് വയസ്സുകാരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ഇരു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്തുടനീളം ഷിഗെല്ല ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിലായി മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഈ ജൂൺ മാസത്തിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 59 ആയി ഉയർന്നു. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ ആകെ എണ്ണം 135 ആയിട്ടുണ്ട്. ഇതിന് പുറമെ 75 പേർക്ക് കൂടി നിലവിൽ രോഗബാധ സംശയിക്കുന്നുമുണ്ട്.
തിരുവനന്തപുരം കാട്ടാക്കട കെഎസ്ആർടിസി കോംപ്ലക്സിലെ ഒരു സ്വകാര്യ ബേക്കറിയിൽ നിന്ന് ശേഖരിച്ച പാനീയത്തിന്റെ സാമ്പിളിൽ ഷിഗെല്ല ബാക്ടീരിയ കണ്ടെത്തിയ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ഇന്നലെ അടിയന്തര യോഗം ചേർന്നു. രോഗവ്യാപനം തടയുന്നതിനായി കാട്ടാക്കട പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും, വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്യാനും യോഗം തീരുമാനിച്ചിട്ടുണ്ട്. കിണറുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നും ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി.
Story Summary:
Food safety officials closed down a tender coconut parlor in Tirurangadi, Malappuram, after Shigella bacteria was detected in the water used there. Meanwhile, two more children tested positive for Shigella in Kozhikode, taking the total confirmed cases in Kerala this year to 135, while 75 others are under suspicion.

