മുംബൈ: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് അത്യന്തം മോശമായ രീതിയിൽ പരാമർശം നടത്തിയ വനിതാ മെഡിക്കൽ വിദ്യാർത്ഥിനിക്കെതിരെ കടുത്ത അച്ചടക്ക നടപടിയുമായി ആശുപത്രി അധികൃതർ (Stand up comedy controversy cadaver). മുംബൈയിലെ പ്രശസ്തമായ കെഇഎം (KEM) ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയായ സെജൽ പവാറിനെയാണ് 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത്. ഒപ്പം കാമ്പസ് ഹോസ്റ്റൽ പരിസരങ്ങളിൽ പ്രവേശിക്കുന്നതിനും ഇവർക്ക് അധികൃതർ കർശന വിലക്കേർപ്പെടുത്തി.
പ്രശസ്ത കോമഡിയൻ പ്രണീത് മോറെയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെയായിരുന്നു സെജൽ പവാറിന്റെ വിവാദ പരാമർശം. മെഡിക്കൽ പഠനത്തിന്റെ ഭാഗമായി ലാബുകളിൽ ഉപയോഗിക്കുന്ന പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം തങ്ങൾ പരസ്പരം താരതമ്യം ചെയ്യാറുണ്ടെന്നായിരുന്നു സെജൽ പവാർ ഷോയിൽ പറഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മെഡിക്കൽ രംഗത്ത് നിന്നടക്കം വലിയ രീതിയിലുള്ള പ്രതിഷേധവും കടുത്ത വിമർശനവും ഉയരുകയായിരുന്നു.
സംഭവം വിവാദമായതോടെ കോളേജ് അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വീഡിയോയിലുള്ളത് സെജൽ പവാർ തന്നെയെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ വിദ്യാർത്ഥികൾ കാത്തുസൂക്ഷിക്കേണ്ട ധാർമ്മികതയ്ക്ക് നിരക്കാത്തതും, തികച്ചും അനുചിതവും അംഗീകരിക്കാൻ കഴിയാത്തതുമായ പരാമർശമാണ് വിദ്യാർത്ഥിനിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കോളേജ് ഡീൻ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി നിലവിൽ ഒരു അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
അതിനിടെ, കോളേജ് സമിതിയുടെ ചോദ്യം ചെയ്യലിൽ സെജൽ വികാരാധീനയാവുകയും തന്റെ തെറ്റ് സമ്മതിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ പരാമർശത്തിൽ പരസ്യമായി മാപ്പ് ചോദിക്കുന്നതായും, ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും വ്യക്തമാക്കുന്ന മാപ്പപേക്ഷാ വീഡിയോയും സെജൽ പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. എങ്കിലും സമിതിയുടെ അന്തിമ അന്വേഷണ റിപ്പോർട്ട് വന്ന ശേഷമേ വിദ്യാർത്ഥിനിക്കെതിരെയുള്ള തുടർനടപടികളിൽ തീരുമാനമാകൂ എന്ന് കോളേജ് അധികൃതർ അറിയിച്ചു.
Story Summary: An MBBS student named Sejal Pawar from Mumbai’s KEM Hospital and Medical College has been placed on a 15-day mandatory leave and banned from hostal premises following her controversial remarks about male cadavers during a stand-up comedy show. After a clip of her comments went viral, drawing heavy flak, the college formed a five-member committee to investigate the matter.

