ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ‘ഡോൺ 3’-യിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് നടൻ രൺവീർ സിംഗിന് ബോളിവുഡിൽ വിലക്ക് നേരിടേണ്ടി വന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടി കങ്കണ റണാവത്ത് (Kangana Ranaut Support Ranveer Singh). രൺവീറിനെതിരായ ഈ നീക്കങ്ങൾക്ക് പിന്നിൽ ബോളിവുഡിലെ ചില കേന്ദ്രങ്ങൾക്ക് പാകിസ്താനോടുള്ള അമിത താല്പര്യമാണ് എന്ന് കങ്കണ ആരോപിച്ചു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
സിനിമയിൽ പാകിസ്താനോട് അനുതാപം കാണിക്കാനാണ് കാലങ്ങളായി മിക്കവരും ശ്രമിക്കുന്നതെന്ന് കങ്കണ പറഞ്ഞു. പാകിസ്താൻ ഭീകരവാദ ശൃംഖലയെ തകർക്കുന്ന ഇന്ത്യൻ ചാരനായി രൺവീർ വേഷമിട്ട ‘ധുരന്ധർ’ എന്ന ചിത്രം വലിയ വിജയമായിരുന്നു. ഏകദേശം 3000 കോടി രൂപ ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയ ഈ ചിത്രം, പാകിസ്ഥാന്റെ യഥാർഥ മുഖം വെളിപ്പെടുത്തുന്നതായിരുന്നു. ഇതാണ് ചിലരെ അസ്വസ്ഥരാക്കുന്നതെന്നും കങ്കണ കൂട്ടിച്ചേർത്തു. ഇത്രയും കാലം സിനിമയിലൂടെ തങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരുന്ന കാര്യങ്ങൾക്ക് എന്തുവിലയാണുള്ളതെന്ന് ഇത്തരം ആളുകൾ ഇപ്പോൾ ഭയക്കുന്നുണ്ട്.
‘ഡോൺ 3’ എന്ന ചിത്രത്തിൽ നിന്ന് അവസാന നിമിഷം പിന്മാറിയതിനെത്തുടർന്ന് നിർമ്മാതാക്കൾ 45 കോടി രൂപയുടെ നഷ്ടം ആരോപിച്ചതോടെയാണ് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് രൺവീറിന് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. നടനുമായി സഹകരിക്കരുതെന്ന് സംഘടന നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്തായാലും ബോളിവുഡിലെ നിലവിലെ അധികാര ശ്രേണിക്കെതിരെയും പാകിസ്താൻ അനുകൂല മനോഭാവത്തിനെതിരെയും ശക്തമായ വിമർശനമാണ് കങ്കണ ഉയർത്തിയിരിക്കുന്നത്.
Story Summary: Actress and politician Kangana Ranaut has extended her support to Ranveer Singh amid the controversy surrounding his exit from ‘Don 3’ and the subsequent industry ban. Kangana alleged that the backlash against Ranveer is driven by “Pakistan-loving” factions within Bollywood who were left uncomfortable by the success of his film ‘Dhurandhar,’ which depicted an Indian spy dismantling Pakistani terror networks.

