ന്യൂഡൽഹി: കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ പൊട്ടിത്തെറി. എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച 19 വിമത എംപിമാർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പാർട്ടി എംപി മഹുവ മൊയ്ത്ര പ്രതികരിച്ചത്. ഇവരെ ‘വഞ്ചകർ’ എന്ന് വിശേഷിപ്പിച്ച മൊയ്ത്ര, ഇവർ ഉടൻ രാജിവെച്ച് ബിജെപി ടിക്കറ്റിൽ വീണ്ടും ജനവിധി തേടണമെന്നും ആവശ്യപ്പെട്ടു.(Mahua Moitra slams 19 rebel TMC MPs for supporting NDA calls them traitors)
വിമത നീക്കങ്ങൾക്ക് നിയമസാധുതയില്ലെന്ന് വ്യക്തമാക്കിയ മഹുവ മൊയ്ത്ര, ഭരണഘടനയുടെ 91-ാം ഭേദഗതി പ്രകാരം പാർട്ടിയിലെ പിളർപ്പിനോ പ്രത്യേക ബ്ലോക്കിനോ പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടി. “വിമത എംപിമാർക്ക് നിയമം അറിയില്ല. ഒരു പ്രത്യേക ബ്ലോക്ക് രൂപീകരിക്കാൻ കഴിയില്ല. ഒറിജിനൽ പാർട്ടിയുടെ മൂന്നിൽ രണ്ട് ഭാഗം മറ്റൊരു പാർട്ടിയിൽ ലയിക്കുകയാണെങ്കിൽ മാത്രമേ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ,” എന്ന് അവർ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള 19 അംഗ വിമത സംഘം ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയിരുന്നു. താൻ തന്നെയാണ് പാർട്ടിയുടെ ചീഫ് വിപ്പ് എന്നും, ആ സ്ഥാനത്ത് മാറ്റം വരുത്തിയ വിവരം ലോക്സഭാ സെക്രട്ടേറിയറ്റിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ദസ്തിദാർ വാദിക്കുന്നു. എന്നാൽ, സംസ്ഥാനത്തെ മോശം ഭരണവും സാമ്പത്തിക ക്രമക്കേടുകളുമാണ് തങ്ങളെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ഇവർ പറയുന്നു.
ബിജെപി കുതിരക്കച്ചവടത്തിലൂടെ പാർലമെന്റിൽ അംഗബലം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മഹുവ മൊയ്ത്ര കുറ്റപ്പെടുത്തി. “ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിന്റെ നിരാശയിലാണ് ബിജെപി. തിരഞ്ഞെടുപ്പിലൂടെയല്ല, മറിച്ച് പാർട്ടികളെ പിളർത്തി അധികാരം പിടിക്കാനാണ് അവർ ശ്രമിക്കുന്നത്,” മൊയ്ത്ര ആരോപിച്ചു. പാർട്ടിയെ വഞ്ചിച്ച വിമത എംപിമാർക്ക് മമത ബാനർജിയുടെ തണലിലാണ് വിജയിക്കാൻ കഴിഞ്ഞതെന്നും അവർ ഓർമ്മിപ്പിച്ചു.
Story Summary
TMC MP Mahua Moitra has launched a scathing attack on 19 dissident MPs who announced support for the NDA, labeling them “traitors” and demanding their resignation. Moitra argued that the 91st Constitutional Amendment bars the formation of separate blocs, insisting that the rebels must re-contest on a BJP ticket, while accusing the BJP of attempting to increase its parliamentary strength through “treachery and engineering defections.”

