ഇന്ത്യൻ ഷൂട്ടിംഗ് ലോകത്തിന് വലിയൊരു നഷ്ടം നൽകിക്കൊണ്ട് പ്രശസ്ത പരിശീലകനും മുൻ ഷൂട്ടിംഗ് താരവുമായ ജസ്‌പാൽ റാണ (49) അന്തരിച്ചു (Jaspal Rana). ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹം അന്തരിച്ചത്. അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ ലോകകപ്പിൽ പങ്കെടുത്ത് മ്യൂണിക്കിൽ നിന്ന് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന് സ്റ്റെന്റ് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ത്യൻ ഷൂട്ടിംഗ് രംഗത്തെ ഏറ്റവും ആദരണീയനായ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ജസ്‌പാൽ റാണ. ഒളിമ്പിക് മെഡൽ ജേതാവായ മനു ഭാക്കർ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യൻ താരങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. 2024 പാരിസ് ഒളിമ്പിക്സിൽ മനു ഭാക്കർ നേടിയ രണ്ട് വെങ്കല മെഡലുകൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. സൗരഭ് ചൗധരി, അനിഷ് ഭൻവാല തുടങ്ങിയ യുവപ്രതിഭകളെ കണ്ടെത്തി വളർത്തിയെടുത്തതും അദ്ദേഹത്തിന്റെ പരിശീലന മികവാണ്. 2020-ൽ ദ്രോണാചാര്യ അവാർഡ് നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഷൂട്ടിംഗ് പരിശീലകൻ എന്ന നിലയിലുള്ള നേട്ടങ്ങൾക്കപ്പുറം, മികച്ചൊരു കായിക താരം കൂടിയായിരുന്നു ജസ്‌പാൽ റാണ. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യയ്ക്കായി നിരവധി സ്വർണ്ണ മെഡലുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 1994-ലെ മിലാൻ ലോക ചാമ്പ്യൻഷിപ്പിൽ ലോക റെക്കോർഡോടെ സ്വർണ്ണം നേടിയത് അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലായിരുന്നു. നാല് കോമൺവെൽത്ത് ഗെയിംസുകളിലായി 15 മെഡലുകൾ നേടിയ അദ്ദേഹത്തെ, ഇന്ത്യയുടെ ഏറ്റവും മികച്ച കായിക താരങ്ങളിൽ ഒരാളായാണ് കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇന്ത്യൻ കായിക ലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.
Summary: Renowned Indian shooting coach and former Asian Games gold medallist Jaspal Rana has passed away at the age of 49. He died in a Delhi hospital on Thursday night following a medical emergency he suffered while returning from the ISSF World Cup in Munich, Germany. A celebrated mentor, Rana played a pivotal role in the success of Olympic medallist Manu Bhaker and many other top Indian pistol shooters.

