ന്യൂഡല്‍ഹി: മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തില്‍ അതൃപ്തി വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi seat theft tweet). കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് ജനാധിപത്യത്തെ അട്ടിമറിച്ച് ‘സീറ്റ് മോഷണം’ (Seat Theft) നടത്തുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യം ഇതുവരെ കണ്ട വോട്ട് കൊള്ളയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഈ പുതിയ സീറ്റ് മോഷണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ഔദ്യോഗിക എക്‌സ് (X) ഹാന്‍ഡിലിലൂടെയായിരുന്നു രാഹുലിന്റെ കടുത്ത പ്രതികരണം.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനൊപ്പം ചട്ടപ്രകാരമുള്ള എല്ലാ ഔദ്യോഗിക രേഖകളും മീനാക്ഷി നടരാജന്‍ കൃത്യമായി ഹാജരാക്കിയിരുന്നുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. “അവർക്കെതിരെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളോ ചാർജ്ഷീറ്റുകളോ ഒന്നും തന്നെ നിലവിലില്ല. എന്നിട്ടും ബിജെപിയുടെ നിസാരമായ പരാതിയെ മാത്രം അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക തള്ളിയത്,” അദ്ദേഹം കുറിച്ചു. തെലങ്കാനയിലെ ഒരു കോടതിയുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്ന് ആരോപിച്ചാണ് റിട്ടേണിങ് ഓഫീസർ പത്രിക നിരസിച്ചത്. എന്നാൽ അത് വെറുമൊരു ലീഗൽ നോട്ടീസ് മാത്രമാണെന്നും എഫ്ഐആർ പോലുമില്ലാത്ത വിഷയത്തിൽ കമ്മീഷൻ ഏകപക്ഷീയമായി പെരുമാറിയെന്നുമാണ് കോൺഗ്രസ് വാദം.
ഇതേസമയം ബിജെപി പിന്തുണയോടെ ജാർഖണ്ഡിൽ മത്സരിച്ച പരിമള്‍ നത്വാനിക്ക് ഇരട്ടനീതിയാണ് ലഭിച്ചതെന്നും രാഹുൽ ആരോപിച്ചു. അദ്ദേഹം തന്റെ പേര് പോലും പത്രികയിൽ തെറ്റിച്ചെഴുതുകയും നിർബന്ധമായും ഹാജരാക്കേണ്ടിയിരുന്ന ഒന്നിലധികം കോളങ്ങൾ ഒഴിഞ്ഞിട്ടു വെയ്ക്കുകയും ചെയ്തിട്ടും അതെല്ലാം തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ സമയം നീട്ടി നൽകിയതായി രാഹുൽ ചൂണ്ടിക്കാട്ടി. ഒരേ തെരഞ്ഞെടുപ്പിൽ രണ്ടുപേര്‍ക്ക് രണ്ട് നീതിയാണ് കമ്മീഷൻ നടപ്പാക്കിയതെന്നും ഇസിഐ (ECI) കോൺഗ്രസിനെ പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതോടെ മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ പ്രമുഖ നേതാക്കളായ തരുണ്‍ ചുഗ്, രജനീഷ് അഗര്‍വാള്‍, മഹേഷ് കേവാട്ട് എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിങ് ഓഫീസർ പ്രഖ്യാപിച്ചത്. തങ്ങളുടെ അംഗത്തെ രാജ്യസഭയിലെത്തിക്കാനുള്ള കൃത്യമായ ഭൂരിപക്ഷം കോൺഗ്രസിന് നിയമസഭയിൽ ഉണ്ടായിരിക്കെയാണ് പത്രിക തള്ളലിലൂടെ ബിജെപിക്ക് ഈ വിജയം അനായാസമായത്. റിട്ടേണിങ് ഓഫീസറുടെ വിവേചനപരമായ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതൃത്വം അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Story Summary: Congress leader Rahul Gandhi slammed the Election Commission and BJP over the rejection of Meenakshi Natarajan’s Rajya Sabha nomination in Madhya Pradesh, calling it “seat chori” (seat theft). Gandhi alleged double standards by the EC, stating that while Natarajan’s papers were rejected over a simple legal notice, a BJP-backed candidate in Jharkhand was given extra time to fix multiple omissions. Following the disqualification, BJP candidates Tarun Chugh, Rajneesh Agarwal, and Mahesh Kewat were declared elected unopposed.

