കൊച്ചി: റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ (Bethlehem Kudumba Unit first look) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ‘സർവ്വം മായ’ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും പ്രമുഖ നിർമാണ കമ്പനിയായ ഭാവനാ സ്റ്റുഡിയോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രേമത്തിന് ശേഷം നിവിൻ പോളിയുടെ തനത് ശൈലിയിലുള്ള ഒരു പക്കാ റോം-കോം (Rom-Com) ജോണറിലുള്ള ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ചിത്രം വരാനിരിക്കുന്ന ഓണം റിലീസായി തിയേറ്ററുകളിലെത്തും.
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘പ്രേമലു’വിലൂടെ തരംഗമായി മാറിയ മമിത ബൈജുവാണ് നായിക. ‘പ്രേമലു’വിന് ശേഷം ഭാവനാ സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണിത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങളെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
അജ്മൽ സാബു ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. എഡിറ്റർ: ആകാശ് ജോസഫ് വർഗീസ്, ഗാനരചന: വിനായക് ശശികുമാർ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്.
Story Summary: The first look poster of Nivin Pauly and Mamitha Baiju’s upcoming romantic-comedy ‘Bethlehem Kudumba Unit’ (BKU) has been released. Directed by Girish A.D. and produced by Bhavana Studios, the movie is scheduled for a grand theatrical release during the Onam season.

