ന്യൂഡൽഹി: ദേശീയതലത്തിൽ നടന്ന വിവിധ പരീക്ഷകളിലെ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ വൻ ജനകീയ പ്രതിഷേധം (Cockroach Janta Party Protest). സോഷ്യൽ മീഡിയയിലെ ജനപ്രിയ പരിഹാസ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’ യുടെ നേതൃത്വത്തിലാണ് രാജ്യതലസ്ഥാനത്ത് ജനപ്രിയ ജെൻ സി പ്രതിഷേധം അരങ്ങേറുന്നത്. ബോസ്റ്റണിൽ ഉപരിപഠനം നടത്തുന്ന സംഘടനയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്ന് രാവിലെ അമേരിക്കയിൽ നിന്നും ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതോടെയാണ് പ്രതിഷേധ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായത്.
തുടക്കത്തിൽ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ഒത്തുകൂടാൻ നിശ്ചയിച്ചിരുന്നെങ്കിലും, ഡൽഹി പോലീസ് വിമാനത്താവളത്തിൽ വെച്ച് തന്നെ സംഘാടകരുമായി ചർച്ച നടത്തി ജന്തർ മന്ദറിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അനുമതി പത്രം കൈമാറുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിൽ തടിച്ചുകൂടാതെ പ്രവർത്തകർ നേരിട്ട് ജന്തർ മന്ദറിലേക്ക് എത്താൻ പാർട്ടി വക്താവ് സൗരവ് ദാസ് അഭ്യർത്ഥിച്ചു. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്, നടൻ പ്രകാശ് രാജ് തുടങ്ങിയ പ്രമുഖരും ഈ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായ രീതിയിൽ കൈകളിൽ ദേശീയ പതാകയും പുസ്തകങ്ങളും ഏന്തി വേണം പ്രതിഷേധത്തിൽ പങ്കെടുക്കാനെന്നും ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് പൂക്കൾ നൽകി സ്നേഹം പ്രകടിപ്പിക്കണമെന്നും പാർട്ടി വക്താക്കളായ അശുതോഷ് രങ്കയും വിജേത ദാഹിയയും പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
തൊഴിലില്ലാത്ത യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ‘പാറ്റകളോട്’ ഉപമിച്ചതിലുള്ള പ്രതിഷേധ സൂചകമായാണ് ഈ കൂട്ടായ്മ രൂപീകരിച്ചത്. നിലവിൽ ഇൻസ്റ്റാഗ്രാമിലും എക്സിലും ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഈ കൂട്ടായ്മയുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എന്നിവരുടെ വസതികൾക്ക് മുന്നിലും ഡൽഹിയിലുടനീളവും ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും ഡ്രോണുകളെയും വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Summary: Supporters of the satirical online movement “Cockroach Janta Party” (CJP) began assembling at New Delhi’s Jantar Mantar after Delhi Police officially granted permission for their peaceful protest. The demonstration, led by CJP founder Abhijeet Dipke who arrived in the national capital from Boston on Saturday morning, demands the resignation of Union Education Minister Dharmendra Pradhan over recent national examination lapses (NEET, CUET, and CBSE).

