കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര പ്രതിസന്ധിയും എംപിമാരുടെ കൊഴിഞ്ഞുപോക്കും രൂക്ഷമായതോടെ ബംഗാൾ രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറാൻ മുൻ മുഖ്യമന്ത്രി മമത ബാനർജി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എംപിമാർ കൂട്ടത്തോടെ ചേക്കേറാനുള്ള നീക്കം തടയാനാണ് മമതയുടെ പുതിയ തന്ത്രമെന്നാണ് സൂചന.(Mamata Banerjee Plans to Contest Lok Sabha Election)
നിലവിൽ എംഎൽഎ സ്ഥാനം പോലുമില്ലാത്ത മമത ബാനർജി, ലോക്സഭയിലേക്ക് മത്സരിക്കാനാണ് ആലോചിക്കുന്നത്. ബഹാറംപൂർ സീറ്റിൽ നിന്ന് ലോക്സഭയിലെത്തിയ മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാനെ രാജിവെപ്പിച്ചുകൊണ്ട് ആ സീറ്റിൽ മമത മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 2024-ൽ കോൺഗ്രസിന്റെ കരുത്തൻ നേതാവ് അധിർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസഫ് പഠാൻ ലോക്സഭയിലെത്തിയത്.
പാർട്ടിയുടെ 42 എംപിമാരിൽ 20 പേരോളം ബിജെപിയുമായി ചർച്ചകൾ നടത്തുന്നതായാണ് വിവരം. സുവേന്ദു അധികാരിക്കൊപ്പം ഇവർ ബിജെപി ദേശീയ നേതൃത്വത്തെ കാണാൻ ഉടൻ ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. തൃണമൂലിന്റെ ലോക്സഭയിലെ 29-ഉം രാജ്യസഭയിലെ 13-ഉം ഉൾപ്പെടെയുള്ള എംപിമാരിൽ വലിയൊരു വിഭാഗം പാർട്ടി വിട്ടാൽ അത് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ വിള്ളലുകൾ സൃഷ്ടിക്കും. കഴിഞ്ഞ ദിവസം മമത ബാനർജി വിളിച്ചുചേർത്ത യോഗത്തിൽ ആറ് എംപിമാർ മാത്രമാണ് പങ്കെടുത്തത് എന്നത് പാർട്ടിയുടെ ദുർബലാവസ്ഥ വ്യക്തമാക്കുന്നു.
Story Summary
Facing a severe internal crisis and the potential defection of nearly 20 MPs to the BJP, former West Bengal CM Mamata Banerjee is reportedly planning to shift to national politics by contesting a Lok Sabha by-election from the Baharampur constituency, currently held by Yusuf Pathan. With TMC’s strength dwindling and political momentum shifting toward the opposition, Mamata is making swift moves to centralize her political focus in Delhi.

